മാന്നാർ: ചെറിയൊരു മഴ പെയ്താൽ പോലും മാന്നാർ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ മഴവെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടാകുന്നത് ടൗണിലെ ഓടകളുടെ നവീകരണം നടത്താത്തത് മൂലമാണെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി അജിത്ത് പഴവൂർ ആരോപിച്ചു. നവീകരണ പ്രവൃത്തികളിൽ നിന്ന് കെ.എസ്.ടി.പി പിന്മാറുകയും പി.ഡബ്ല്യൂ.ഡി ഏറ്റെടുക്കുകയും ചെയ്‌തെങ്കിലും ഫണ്ട് അനുവദിക്കാത്തതാണ് നവീകരണ പ്രവർത്തനങ്ങൾക്ക് തടസമായിട്ടുള്ളത്. നിലവിലുള്ള ഓടകൾ മുഴുവൻ തകർന്നു കിടക്കുകയാണെന്നും പുതിയ ഓട നിർമ്മിച്ചെങ്കിൽ മാത്രമേ വെള്ളക്കെട്ട് മൂലമുണ്ടാകുന്ന വ്യാപാരികളുടെയും യാത്രക്കാരുടെയും പ്രശ്നത്തിന് ശാശ്വത പരിഹാരം സാദ്ധ്യമാവുകയുള്ളൂവെന്നും അജിത്ത് പഴവൂർ പറഞ്ഞു.