ആലപ്പുഴ : ജില്ലയിൽ നൂറനാട് ഗ്രാമപഞ്ചായത്തിൽ രണ്ടാഴ്ചക്കുള്ളിൽ 11 പേർക്ക് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. രണ്ടുമാസത്തിനുള്ളിൽ ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിലെ 16 വിദ്യാർത്ഥികളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നൂറനാട്ടും രോഗവ്യാപനം.
ശുചിത്വകാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഞ്ഞപ്പിത്തം വ്യാപകമായ പ്രദേശങ്ങളിൽ ജില്ലാ ആരോഗ്യ വിഭാഗവും പ്രാദേശിക ആരോഗ്യ പ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. രോഗബാധിതരുമായി സമ്പർക്കത്തിൽ വരുന്നവരും ശുചിത്വ കാര്യങ്ങളിൽ ശ്രദ്ധിക്കണം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൂപ്പർ ക്ലോറിനേഷനും ബോധവൽക്കരണ പ്രവർത്തനങ്ങളും നടന്നുവരുന്നു.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തം
 രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാൻ 15 മുതൽ 50 ദിവസം വരെ എടുക്കാം
 രോഗ ബാധയുണ്ടായ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ 50 ദിവസത്തേക്ക് തുടരുന്നതാണ്.
 രോഗബാധിതർ ആഹാരം പാചകം ചെയ്യുക, വിളമ്പുക പോലെയുള്ള കാര്യങ്ങളിൽ ഏർപ്പെടാതിരിക്കുക
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.ആർഒ പ്ലാന്റിലെയോ ഫിൽറ്ററിലെയോ വെള്ളമാണെങ്കിൽ കൂടിയും തിളപ്പിച്ചാറ്റി കുടിക്കുക
 ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നിർബന്ധമായും സോപ്പുപയോഗിച്ച് കൈകൾ വൃത്തിയാക്കണം
പനി, ശരീരവേദന, ഓക്കാനം, ഛർദി, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങൾ ഉണ്ടായാൽ ചികിത്സ തേട്ം. സ്വയം ചികിത്സ പൂർണ്ണമായും ഒഴിവാക്കണം
- ജില്ലാ മെഡിക്കൽ ഓഫീസർ