s

ആലപ്പുഴ: കായംകുളം എം.എസ്.എം കോളേജിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ കെ.എസ്.യു നേതാവിന് പരിക്കേറ്റു. കെ.എസ്.യു-എം.എസ്.എഫ് നേതാക്കളെ എസ്.എഫ്.ഐ പ്രവർത്തകരും പുറത്തുനിന്നെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് അക്രമിക്കുകയായിരുന്നെന്ന് കെ.എസ്.യു നേതാക്കൾ പറഞ്ഞു.

കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിയും എം.എസ്.എം കോളേജിലെ വിദ്യാർത്ഥിയുമായ മുഹമ്മദ് അസ്ലമിനാണ് ഗുരുതര പരിക്കേറ്റത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമ്പിവടിയുമായി എത്തിയാണ് മുഹമ്മദ് അസ്ലമിനെ കാമ്പസിനുള്ളിൽ അടിച്ചു വീഴ്ത്തിയത്.

ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഘർഷം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യുവിന്റെ വിജയത്തിൽ അരിശംപൂണ്ട എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ നേതൃത്വം വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആരോപിച്ചു.