
കായംകുളം : കായംകുളം നഗരസഭ ജീവനക്കാരുടെ അശ്രദ്ധകാരണം വിധവാ പെൻഷനും ക്ഷേമ പെൻഷനുകളും മുടങ്ങി. 300ഓളം വിധവകളുടെ പെൻഷനും 250 ഓളം മറ്റ് ക്ഷേമ പെൻഷനുകളുമാണ് അശ്രദ്ധയിൽ കുടുങ്ങിയത്. പുനർവിവാഹം കഴിച്ചിട്ടില്ലന്ന് തെളിയിക്കുന്ന രേഖയില്ലെന്ന കാരണത്താലാണ് വിധവാ പെൻഷൻ തടഞ്ഞത്. എന്നാൽ, വിധവകൾ ഹാജരാക്കിയ പുനർവിവാഹിതരല്ലെന്ന സർട്ടിഫിക്കറ്റുകൾ ജീവനക്കാർ കമ്പ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യാത്തതാണ് പെൻഷൻ തടഞ്ഞുവയ്ക്കാൻ കാരണം.സർട്ടിഫിക്കറ്റ് കാണാനില്ലെന്നാണ് നഗരസഭ ജീവനക്കാരുടെ വിശദീകരണം. എന്തായാലും ജീവനക്കാരുടെ അനാസ്ഥകാരണം പാവപ്പെട്ട വിധവകളുടെ പെൻഷൻ മുടങ്ങിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പെൻഷൻ ഉടനടി നൽകാൻ നഗരസഭ അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യം.
വിതരണത്തിന് ആളില്ല
കായംകുളം നഗരസഭയിലെ തെക്കൻ മേഖലകളിൽ സർക്കാർ അനുവദിച്ച ഒരു ഗഡു ക്ഷേമ പെൻഷനും മുടങ്ങിക്കിടക്കുകയാണ്. 25 മുതൽ 32 വരെയുള്ള എട്ട് വാർഡുകളിലെ ക്ഷേമ പെൻഷനാണ് വിതരണം ചെയ്യാനുള്ളത്. സഹകരണബാങ്കിൽ നിന്ന് പെൻഷൻ വീടുകളിലെത്തിക്കാനുള്ള ജീവനക്കാരന്റെ അസൗകര്യമാണ് ക്ഷേമ പെൻഷൻ മുടങ്ങാൻ കാരണം. ഇതിന് പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുമില്ല. അധികൃതരുടെ അനാസ്ഥ കാരണം ഇതോടെ നൂറോളം കുടുംബങ്ങളാണ് ദുരിതത്തിലായത്.
വിധവാപെൻഷനും മറ്റ് ക്ഷേമപെൻഷനുകളും ഉടൻ വിതരണം ചെയ്തില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകും
-സി.എസ്.ബാഷ, നഗരസഭ പ്രതിപക്ഷ നേതാവ്