
കായംകുളം: ഭഗവതിപ്പടി - കരീലക്കുളങ്ങര റോഡിൽ അപകടാവസ്ഥയിലായ പത്തിയൂർ പാലം പുനർ നിർമ്മിക്കുന്നു. തിരക്കേറിയ റോഡിൽ ഗതാഗതത്തിന് തടസമായിരുന്ന പാലം പുനർ നിർമ്മിക്കണമെന്നത് യാത്രക്കാരുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു.
പത്തിയൂർ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുവാനുള്ള നടപടികൾ തുടങ്ങി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പണിപൂർത്തീകരിച്ച് ഭഗവതിപ്പടി കരീലക്കുളങ്ങര മല്ലിക്കാട് കടവ് റോഡിന്റെ പുനർനിർമ്മാണത്തിൽ പത്തിയൂർ പാലവും ഉൾപ്പെട്ടിരുന്നു. എന്നാൽ കോൺട്രാക്ടർ പിൻമാറിയത് മൂലം പണി നടന്നില്ല. 20.24 കോടി രൂപയാണ് പദ്ധതിക്കായി ആകെ അനുവദിച്ചിരുന്നത്. പാലത്തിന്റെ ഡിസൈൻ ലഭ്യമാക്കുന്നതിലും യൂട്ടിലിറ്റി ഷിഫ്റ്റിംഗിനുള്ള കാലതാമസവും പാലം നിർമ്മാണം വൈകുന്നതിന് മറ്റൊരു കാരണമായി. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം പാലം നിർമ്മാണത്തിനായി 2.78 കോടി രൂപയുടെ സാങ്കേതിക അനുമതി നൽകി പുതിയ കമ്പിനിക്ക് കരാർ നൽകിയിട്ടുണ്ട്. 26.20 മീറ്റർ നീളവും രണ്ട് വരി ഗതാഗതത്തിന് ആവശ്യമായ 7.5 മീറ്റർ ക്യാരേജ് വേയും ഇരുവശങ്ങളിൽ നടപ്പാതയും ഉൾപ്പടെ 11 മീറ്ററാണ് പാലത്തിന്റെ ആകെ വീതി. ഒമ്പത് മാസമാണ് നിർമ്മാണ കാലാവധി .കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണ ചുമതല.
............
# പത്തിയൂർ പാലം
 പദ്ധതി തുക......2.78 കോടി
 നീളം.....................26.20 മീറ്റർ
 വീതി.......................11 മീറ്റർ
...........
''നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
- യു.പ്രതിഭ എം.എൽ.എ