tur

തുറവൂർ: ജില്ലയുടെ പക്ഷി വൈവിദ്ധ്യത്തിലേക്ക് പുതിയൊരു അംഗം കൂടി. ചെന്നീലിക്കാളിയാണ് കേരളത്തിലെ പക്ഷി നിരീക്ഷകരുടെ പറുദീസയായ ചങ്ങരം പക്ഷിസങ്കേതത്തിലെത്തിയ പുതിയ അതിഥി. മംഗോളിയ,റഷ്യ,ചൈന തുടങ്ങിയ കിഴക്കനേഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ഈ ദേശാടനപക്ഷി അപൂർവ്വമായിട്ടാണ് കേരളത്തിലെത്തുന്നത്,​ ആലപ്പുഴ ജില്ലയിൽ ആദ്യവും. പക്ഷിനിരീക്ഷകരായ ഹൈക്കോടതി അഭിഭാഷകൻ ജമാലുദ്ദീൻ കരിവേലി, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ഡോ.ശബരീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് കോടംതുരുത്ത് പഞ്ചായത്തിലെ ചങ്ങരം പക്ഷി സങ്കേതത്തിൽ നിന്ന് ഇവയെ കണ്ടെത്തുകയും ചിത്രം പകർത്തുകയും ചെയ്തത്.

മൈനയുടെ കുടുംബക്കാർ

നമ്മുടെ നാട്ടിൽ സർവസാധാരണമായ മൈനയുടെ കുടുംബക്കാരാണ് ചെന്നീലിക്കാളി. എന്നാൽ, മൈനയെക്കാൾ ഭംഗിയുണ്ട്. ആൺപക്ഷിക്ക് മുകളിൽ ഇരുണ്ട നിറവും താഴെ വെളുത്തതും, ചിറകുകൾ വൈലറ്റ്, പച്ച നിറങ്ങളും കാണപ്പെടുന്നു. പെൺപക്ഷിക്ക് ഇതേ ആകൃതിയാണ്. എന്നാൽ,​ മുകളിൽ ബ്രൗണും താഴെ ചാരനിറവുമാണ്. ചെന്നീലിക്കാളിയുടെ വരവോടുകൂടി ജില്ലയിൽ ആകെ രേഖപ്പെടുത്തിയ പക്ഷികൾ 316 ഉം ചങ്ങരത്തെ പക്ഷികൾ 216ഉം ആയി.