ചേർത്തല: വാരനാട് ഗുണ്ടാ ആക്രമണത്തിൽ ഉൾപ്പെട്ട മൂന്നുപേർ പിടിയിൽ. വീടാക്രമണ സംഘത്തിലുൾപ്പെട്ടവരാണ് പിടിയിലായത്. തിങ്കളാഴ്ച വീടുകയറി നടന്ന ആക്രമണത്തിൽ സ്ത്രീ ഉൾപ്പെടെ നാലുപേർക്കും അക്രമി സംഘത്തിലെ 17കാരനുൾപ്പെടെ രണ്ടുപേർക്കും വെട്ടേറ്റിരുന്നു. ഇതിനിടെ ഓടി രക്ഷപ്പെട്ടവരെയാണ് രാത്രിയോടെ ചേർത്തല പൊലീസ് പിടികൂടിയത്. വാരനാട് മഞ്ചാടിക്കരി രാംരാജ്(19),വാരനാട് കാക്കരവെളി ഗോകുൽ(22),ചേർത്തല സ്വദേശിയായ 17 കാരനുമാണ് പിടിയിലായത്. ഇതിൽ രണ്ടു പേർ അക്രമി സംഘത്തിലുള്ളവരും ഒരാൾ വാഹനം നൽകിയയാളുമാണ്. നിലവിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേരാണ് സംഘത്തിൽ ഉൾപ്പെട്ടിട്ടുളളത്. വീടുകയറി അക്രമിച്ചതിനും വധശ്രമത്തിനും അഞ്ചുപേർക്കെതിരെയും. വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് അക്രമികളെ മർദ്ദിച്ചതിന് വീട്ടുകാരായ സഹോദരങ്ങൾക്കെതിരെയും വധശ്രമത്തിനടക്കം കേസെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച 2.30ഓടെയായിരുന്നു തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 23ാം വാർഡ് വാരനാട് പിഷാരത്ത് വിട്ടിൽ അക്രമം നടന്നത്. ആനന്ദവല്ലി(65) മക്കളായ സുധീരാജ്(42),ആനന്ദരാജ്(40),അജയ് രാജ്(36)എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമിക്കാനെത്തിയ ചെങ്ങണ്ട പുതുവൽ നികർത്ത് അഭിമന്യു(23)വിനും ചെങ്ങണ്ട സ്വദേശിയായ 17കാരനുമാണ് പരിക്കേറ്റത്. 17കാരൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ചേർത്തല പൊലീസ് ഇൻസ്പക്ടർ ജി.അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.