
അരൂർ: അരൂർ - തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ തീപിടിത്തം. ആളപായമില്ല. അരൂർ തെക്ക് പെട്രോൾ പമ്പിന് തെക്കുവശമുള്ള അബാദ് കോൾഡ് സ്റ്റോറേജിന് മുന്നിൽ നിർമ്മാണം പൂർത്തിയാക്കിയ 69-ാം നമ്പർ തൂണിന് സമീപം ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഗർഡറിന് മുകളിൽ വെൽഡിംഗ് ജോലി ചെയ്യു ന്നതിടെ ചിതറി വീണ തീപ്പൊരി താഴെ ദേശീയപാതയ്ക്ക് മദ്ധ്യത്തിലുള്ള ഷീറ്റ് നിർമ്മിത ക്യാബിനരികിലെ ചാക്കുകളിൽ വീണ് തീ പടരുകയായിരുന്നു. ചാക്കുകളാണ് ആദ്യം കത്തിയത്. തുടർന്ന് മോട്ടോറുകളും മറ്റും ഉപകരണങ്ങളും സൂക്ഷിക്കുന്ന ക്യാബിനിലേക്ക് പടർന്നു. മോട്ടോറുകൾ അടക്കം വിലയേറിയ നിർമ്മാണ സാമഗ്രികൾ കത്തി നശിച്ചു. അരൂർ ഫയർഫോഴ്സിൽ വിവരമറിയിച്ചുവെങ്കിലും അവർ സ്ഥലത്ത് എത്തും മുമ്പ് നിർമ്മാണ കേന്ദ്രത്തിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് തൊഴിലാളികൾ തീ അണച്ചു. വെൽഡിംഗ് ജോലികൾ നടക്കുമ്പോൾ തീപ്പൊരി ചിതറി വീഴുന്നത് വാഹന യാത്രികർക്ക് അപകട ഭീഷണി ഉയർത്തുന്നതായും സുരക്ഷാ സംവിധാനം ഒരുക്കുന്നതിൽ നിർമ്മാണ കമ്പനി അലംഭാവം കാട്ടുന്നതായും പരാതിയുണ്ട്.