
ആലപ്പുഴ : പക്ഷിച്ചിറകിന്റെ മാതൃകയിൽ സംസ്ഥാനത്ത് ആദ്യത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലം തോട്ടപ്പള്ളി നാലുചിറയിൽ പൂർത്തിയാകുന്നു. ദേശീയ ജലപാതയിൽ ലീഡിംഗ് ചാനലിന് കുറുകേ കൊട്ടാരവളവ് കടത്തിന് സമീപമാണ് പാലം. വിനോദ സഞ്ചാരികളെ ആകർഷിക്കുംവിധമാണ് നിർമ്മാണം.
പെയിന്റിംഗ്, ടാറിംഗ്, വൈദ്യുതീകരണം എന്നിവ പൂർത്തിയാകുന്നതോടെ ജനുവരിയിൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ലക്ഷ്യം. 2019മാർച്ചിലാണ് നിർമ്മാണം ആരംഭിച്ചത്. കേരള റോഡ് ഫണ്ട് ബോർനാണ് നിർമ്മാണച്ചുമതല. അപ്രോച്ച് റോഡ് നിർമ്മാണത്തിനായി 3.5 ഏക്കർ സ്ഥലം ഏറ്റെടുത്തു. പാലത്തിൽ നിന്നാൽ തോട്ടപ്പള്ളി ബീച്ചും സൂര്യാസ്തമനവും കാണാൻ കഴിയും. പുറമേ ലീഡിംഗ് ചാനലിലെ കാഴ്ചയും സഞ്ചാരികളെ ആകർഷിക്കും. 458 മീറ്റർ നീളമുള്ള പാലത്തിന്റെ മദ്ധ്യഭാഗത്ത് ദേശീയ ജലപാതാ മാനദണ്ഡങ്ങൾ പാലിച്ചാണ് പാലം നിർമ്മിക്കുന്നത്. 70 മീറ്റർ നീളമുള്ള സെൻട്രൽ സ്പാനാണ് ജലപാതയ്ക്ക് കുറുകെയുള്ളത്.
ദേശീയപാതയിൽ നിന്ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെ ബന്ധിപ്പിക്കുന്ന പാലം കരുമാടിയിൽ നിന്ന് തോട്ടപ്പള്ളി കൊട്ടാരവളവ് വരെ ദേശീയപാതയ്ക്ക് സമാന്തരപാതയായി മാറും.
സംസ്ഥാനത്ത് ആദ്യത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലം
1. പാലവുംറോഡും പൂർത്തിയാകുന്നത് പുറക്കാട്, തകഴി, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിലെ ആയിരങ്ങൾക്ക് ഉപകാരപ്പെടും
2. തോട്ടപ്പള്ളി സ്പിൽവേയിൽ ഗതാഗതതടസം ഉണ്ടായാൽ സമാന്തരപാതയായി ഉപയോഗിക്കാമെന്നതാണ് പ്രധാന പ്രയോജനം
3. മുൻമന്ത്രി ജി.സുധാകരൻ മുൻകൈയെടുത്താണ് പാലംനിർമ്മിക്കാൻ തീരുമാനിച്ചത്. 38കോടി ആദ്യം വകയിരുത്തി. പിന്നീട് 56 കോടിയാക്കി.
4. അപ്രോച്ച് റോഡിന്റെ ഭാഗം ചതുപ്പായതിനാൽ ഇവിടെ കോൺക്രീറ്റ് പാലം നിർമ്മിക്കണമെന്ന ആവശ്യത്തെത്തുടർന്നാണ് എസ്റ്റിമേറ്റ് തുക വർദ്ധിപ്പിച്ചത്
നാലുചിറ പാലം
 നീളം : 450 മീറ്റർ
 വീതി : 13മീറ്റർ
 നടപ്പാത: 1.5 മീറ്റർ
ചെലവ്: 56 കോടി
കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ അടുത്തമാസം ടാറിംഗ് ഉപ്പെടെയുള്ള പണി പൂർത്തീകരിച്ച് ജനുവരിയിൽ ഗതാഗതത്തിന് തുറന്ന് കൊടുക്കും
- എൻജിനിയർ, കേരള റോഡ് ഫണ്ട് ബോർഡ്