ആലപ്പുഴ: ഹെവി ഡ്രൈവിംഗ് ടെസ്റ്റിനിടെ ഡ്രൈവിംഗ് സ്കൂളിന്റെ ബസിന് തീപിടിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ ജാഗ്രതയും ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലും കാരണം വൻ ദുരന്തം ഒഴിവായി. പാതിരപ്പള്ളി എ ടു ഇസഡ് ഡ്രൈവിംഗ് സ്‌കൂളിന്റെ ബസാണ്
കത്തിനശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.10 ഓടെയായിരുന്നു അപകടം. ഓമനപ്പുഴ തട്ടാംതൈയ്യിൽ ജിനീഷിന്റെ ടെസ്റ്റ് നടക്കുന്നതിനിടെയായിരുന്നു സംഭവം.
ടെസ്റ്റിന്റെ അവസാനഘട്ടത്തിലെത്തിയപ്പോൾ എൻജിന്റെ ഭാഗത്തുനിന്ന് പൊട്ടിത്തെറി ശബ്ദത്തോടെ തീയും പുകയും ഉയരുകയായിരുന്നു.
ഇതോടെ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.ആർ.തമ്പി യുവാവിനോട് പെട്ടെന്ന് പുറത്തേയ്ക്കിറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനിടെ
ഡ്രൈവിംഗ് സ്കൂൾ ഉടമ മിലൻ ഇലക്ട്രിക് സർക്യൂട്ട് നിയന്ത്രിക്കുന്ന ഐസലേറ്റർ സ്വിച്ച് ഓഫാക്കിയതിനാൽ ഇന്ധന ടാങ്കിലേക്ക് തീ പടർന്നില്ല.
യുവാവ് ബസിൽ നിന്ന് പുറത്തിറങ്ങിയതും തീ ബസിലാകെ ആളിപ്പടരുകയായിരുന്നു. ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഇതിനിടെ ബസ് പൂർണ്ണമായി അഗ്നിക്കിരയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.