raghu

ആലപ്പുഴ: അദ്ധ്യാപനത്തിനൊപ്പം കൃഷിയ്ക്കും പരിസ്ഥിതി പ്രവർത്തനങ്ങളിലുമുളള മികച്ച സംഭവാനയ്ക്കുള്ള ഹരിതജ്യോതി അവാർഡിന് വള്ളികുന്നം അമൃത ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ആർ.രഘുനാഥ് അർഹനായി. കഴിഞ്ഞ 29 വർഷ കാലത്തെ അദ്ധ്യാപനം ,കൃഷി , പരിസ്ഥിതി പ്രവർത്തനം, പാഠ്യേതര പ്രവർത്തനങ്ങൾ, വിവിധ മേഖലയിൽ നിന്നും ലഭിച്ചിട്ടുള്ള അവാർഡുകൾ , സംസ്ഥാനജൈവ കാർഷിക മിഷനിലെ പ്രവർത്തനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിച്ചത്.സ്കൂളിന് സ്വന്തമായുള്ളസ്ഥലം കൂടാതെ പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്താണ് പച്ചക്കറി കൃഷി. സ്കൂൾ ഉച്ച ഭക്ഷണത്തിനും ബാക്കി വന്നത് മാർക്കറ്റിലും വിൽക്കുന്നു. വള്ളികുന്നം പുഞ്ചവാഴ്ക പുഞ്ചയിൽ സ്കൂൾ കുട്ടികളുടെ നേതൃത്വത്തിലുള്ള നെൽകൃഷിയ്ക്ക് പുറമേ സ്കൂൾ വളപ്പിലും വീട്ടിലും കൃഷി ചെയ്യുന്നുണ്ട്. 2014 ലെ മികച്ച മത്സ്യ കർഷകനുള്ള അവാർഡും 2017 ലെ പഞ്ചായത്തിലെ മികച്ച നെൽകർഷനുള്ള അവാർഡും 2018 ൽ ജില്ലയിലെ മികച്ച അദ്ധ്യാപക കർഷകനുളള അവാർഡും 2022 ലെ കേര കർഷകനുള്ള അവാർഡും 2023 ലെ ജൈവ കർഷകനുള്ള അക്ഷയശ്രീ അവാർഡും ,2023 ലെ സമ്മിശ്ര കർഷകനുള്ള അവാർഡും, 2024 ലെ ജില്ലയിലെ മികച്ച മത്സ്യ കർഷകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.

കൊല്ലം പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്തിപത്രവും ഫലകവും ക്യാഷ് അവാർഡും മന്ത്രി സജി ചെറിയാനിൽ നിന്ന് ഏറ്റുവാങ്ങി.