ആലപ്പുഴ: കൊയ്‌ത്തിന് യന്ത്രക്ഷാമമെന്ന മുറവിളിയും അന്യസംസ്ഥാന ഉടമകളുടെ ചൂഷണവും തുടരുമ്പോൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലയിൽ കൃഷി വകുപ്പ് വിതരണം ചെയ്ത 42 കൊയ്‌ത്ത് യന്ത്രങ്ങളെവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. കൊയ്‌ത്ത് യന്ത്രങ്ങളുടെ തത്‌സ്ഥിതി അറിയാൻ കൃഷി വകുപ്പിന്റെ അഗ്രോ എൻജിനിയറിംഗ് വിഭാഗം കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത ഗുണഭോക്താക്കളുടെ യോഗത്തിൽ പങ്കെടുത്തത് 13 പേർ. ബാക്കിയുള്ള 29 പേർ എവിടെയെന്നോ,​ വിതരണം ചെയ്ത യന്ത്രങ്ങളുടെ സ്ഥതി എന്താണെന്നോ യാതൊരുവിവരവും കൃഷി വകുപ്പിനില്ല. യന്ത്രങ്ങൾ അന്യ സംസ്ഥാനങ്ങളിൽ വാടകയ്ക്ക് നൽകുകയോ,​ തകരാറിലായതിനെ തുടർന്ന് പൊളിച്ചുവിൽക്കുകയോ ചെയ്തിട്ടുണ്ടാകുമെന്ന് സംശയിക്കുന്നു. ഇതോടെ, യന്ത്രങ്ങൾ കൈപ്പറ്റിയശേഷം കൃഷി ഭവനുമായോ,​ പാടശേഖര സമിതികളുമായോ സഹകരിക്കാത്ത മുഴുവൻ പേർക്കും നോട്ടീസ് അയക്കാൻ കളക്ടർ നിർ‌ദേശിച്ചു. നോട്ടീസിന് മറുപടി ലഭിക്കാത്ത പക്ഷം ഇവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആലോചിക്കുന്നുണ്ട്.

പൊളിച്ചുവിറ്റെന്ന് സംശയം

1.കുട്ടനാട്ടിലെ പാടശേഖരസമിതികളും കർഷകരും അഭിമുഖീകരിക്കുന്ന കൊയ്ത്ത് യന്ത്ര ദൗർലഭ്യം പരിഹരിക്കാനാണ് കൃഷി വകുപ്പ് സ്മാം പദ്ധതിയിലുൾപ്പെടുത്തി 2019 മുതൽ 2024 വരെ 42 യന്ത്രങ്ങൾ വിതരണം ചെയ്തത്

2.യന്ത്രങ്ങൾ സംഘടനകൾക്കും വ്യക്തികൾക്കും വിതരണം ചെയ്തശേഷം യാതൊന്നും അന്വേഷിക്കാൻ കൃഷി വകുപ്പ് തയ്യാറായിരുന്നില്ല. വിവരാവകാശ അപേക്ഷയാണ് ഇപ്പോഴത്തെ അന്വേഷണത്തിന് കാരണം

3. 16 ലക്ഷം മുതൽ 30 ലക്ഷം വരെയാണ് ഓരോ യന്ത്രത്തിന്റെയും വില. കൃഷിവകുപ്പിന്റെ സാമ്പത്തിക ആനൂകൂല്യത്തോടെയാണ് അവ നൽകിയത്. ഇതിൽ 13 കൈവശക്കാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്

4.ഇത്രയും കൊയ്ത്ത് യന്ത്രങ്ങൾ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലുണ്ടായിട്ടും അന്യസംസ്ഥാനലോബികൾ കർഷകരെ കൊള്ളയടിക്കുന്ന സാഹചര്യം തുടരുകയാണ്

കൊയ്‌ത്ത് യന്ത്ര‌ം

₹ 16 - 30 ലക്ഷം


സ്‌മാം പദ്ധതി

ചെറുകിട യന്ത്രങ്ങൾ മുതൽ കൊയ്ത്ത്,​ മെതിയന്ത്രം വരെയും വിള സംസ്കരണവുമായി ബന്ധപ്പെട്ട ഡ്രയറുകൾ, മില്ലുകൾ തുടങ്ങിയവയും വിതരണം ചെയ്യുന്ന പദ്ധതി. കർഷകനും കർഷക ഗ്രൂപ്പുകൾക്കും 40 മുതൽ 80ശതമാനം വരെ സാമ്പത്തിക സഹായത്തോടെ ഇവ സ്വന്തമാക്കാം.

.............................

കൃഷിവകുപ്പിന്റെ പ്രത്യേക പദ്ധതിപ്രകാരം കരസ്ഥമാക്കിയ കൊയ്ത്ത് യന്ത്രങ്ങളുടെ വിവരമാണ് വിവരാവകാശനിയമപ്രകാരം ലഭ്യമായത്.

കൃഷി വകുപ്പിന് സ്വന്തം നിലയിലുളള യന്ത്രങ്ങൾ എവിടെയെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം ആവശ്യമാണ്

-സോണിച്ചൻ പുളിങ്കുന്ന്, നെൽക‌ർഷക സംരക്ഷണ സമിതി