ആലപ്പുഴ: ആദ്യം പാർട്ടിക്കും, ഫലമില്ലാതെ വന്നപ്പോൾ പൊലീസിലും പരാതി നൽകിയിട്ടും നീതി ലഭിക്കാത്ത തനിക്ക് നേരെ പാർട്ടി നേതാക്കളുടെ ഭീഷണി തുടരുന്നതായി ലൈംഗികാതിക്രമ കേസിലെ പരാതിക്കാരി പറഞ്ഞു.സി.പി.എം നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ മഹിളാ അസോസിയേഷൻ നേതാവാണ് അനുദിനം നേരിട്ടുകൊണ്ടിരിക്കുന്ന വിഷമസ്ഥിതി വ്യക്തമാക്കിയത്. പൊലീസിലെ പരാതിക്ക് പിന്നാലെ വീട്ടിലെത്തിയാണ് പലരും ഭീഷണി മുഴക്കിയത്. രണ്ടാഴ്ചയോളം വീട് മാറി നിന്ന പരാതിക്കാരി കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ജോലി കളയുമെന്നാണ് ഏറ്റവുമൊടുവിലെ ഭീഷണി. എസ്.പിക്ക് വീണ്ടും പരാതി നൽകിയിട്ടും യാതൊരു അറിയിപ്പും ഉണ്ടായില്ല. ഭീഷണി തുടരുന്ന പക്ഷം, ഇവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും യുവതി വ്യക്തമാക്കി.

വാക്കാൽ ശല്യം,

ഒടുവിൽ കടന്നുപിടിച്ചു

ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് കടന്നുപിടിക്കുന്നതിന് മുമ്പ് പലതവണ ആരോപണവിധേയനായ നേതാവ് വാക്കാൽ ശല്യപ്പെടുത്തിയിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. തന്റെതാമസ സ്ഥലത്ത് വരണമെന്നും, എൽ.സി മെമ്പറാക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും അവർ പറഞ്ഞു. പലരും ഇങ്ങനെ സഹകരിച്ചാണ് സ്ഥാനങ്ങളിൽ എത്തിയതെന്നും നേതാവ് പറഞ്ഞു. ഇത്തരത്തിൽ സംസാരം തുടർന്നാൽ പരാതി നൽകുമെന്ന് യുവതി പറഞ്ഞതോടെ, പരാതിപ്പെട്ടാലും എല്ലാവരും തനിക്കൊപ്പമേ നിൽക്കൂ എന്നായിരുന്നു നേതാവിന്റെ മറുപടി. മഹിളാ അസോസിയേഷന്റെ മേഖലായോഗം നടന്ന ദിവസം സന്ധ്യക്ക് 6.30 ഓടെ പുന്നമട പാട്ടിയത്തെ എൽ.സി ഓഫീസിൽ വച്ചാണ് അത്രിക്രമത്തിന് ഇരയായത്. ഭർത്താവിനെ കാത്ത് ഓഫീസിന് പുറത്ത് നിന്ന തന്നോട് ഒറ്റയ്ക്ക് നിൽക്കേണ്ടെന്നും, അകത്തുകയറി ഇരുന്നോളാനും നേതാവ് ആവശ്യപ്പെട്ടെന്നും, പിന്നീട് ലൈംഗികാതിക്രമം നടത്തിയെന്നും പരാതിക്കാരി പറഞ്ഞു. ബലപ്രയോഗത്തിനിടെ നേതാവിന്റെ കാലിൽ ചവിട്ടുകയും തള്ളിമാറ്റുകയും കസേര മറിഞ്ഞ് വീഴുകയും ചെയ്തുവെന്നും അവർ പറയുന്നു.

വനിതാനേതാക്കൾ

തിരിഞ്ഞുനോക്കിയില്ല

യുവതി അതിക്രമത്തിന് ഇരയായ ദിവസം ചേർന്ന മഹിളാ അസോസിയേഷന്റെ യോഗം പിന്നീട് ഇതുവരെ വിളിച്ചുചേർത്തിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. ജില്ലയിലെയോ സംസ്ഥാനത്തെയോ ഒരു വനിതാ നേതാവ് പോലും വിഷയത്തിൽ ചലിച്ചിട്ടില്ല. പരാതി സ്വീകരിച്ച നോർത്ത് സ്റ്റേഷൻ സി.ഐയെ സ്ഥലം മാറ്റുമെന്ന ഭീഷണി നേതാക്കൾ നടപ്പാക്കി. നീതി പ്രതീക്ഷയില്ലാത്തതിനാലാണ് വനിതാ കമ്മിഷനെ സമീപിക്കാത്തത്. തുടർനടപടികളില്ലാത്ത പക്ഷം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് മുന്നിൽ സമരം നടത്തുമെന്നും ഇര വ്യക്തമാക്കി.