ആലപ്പുഴ: ജില്ലാകോടതിപ്പാലത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണം വരും ദിവസങ്ങളിൽ നഗരത്തെ ഗതാഗതകുരുക്കിൽ വീർപ്പുമുട്ടിക്കും. വാടക്കനാലിന്റെ വടക്കേകരയിലെ മേൽപ്പാലത്തിന്റെ പൈലിംഗ് അടുത്ത ദിവസം ആരംഭിക്കും. പൈലിംഗിന് മുന്നോടിയായി വൈ.എം.സി.എ ജംഗ്ഷന് കിഴക്ക് ബിസ്മിഹൈപ്പർ മാർക്കറ്റ് മുതൽ ജില്ലാകോടതി പാലംവരെയുള്ള 120 മീറ്റർ നീളത്തിലുള്ള ഭാഗത്തെ ഗതാഗതം ഇന്ന് മുതൽ നിരോധിക്കുന്നത്. അടുത്തയാഴ്ച സംസ്ഥാന സ്കൂൾ ശാസ്ത്രമേളയും തുടർന്ന് മുല്ലയ്ക്കൽ ചിറപ്പും എത്തുന്നതോടെ നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാകും.മുല്ലയ്ക്കൽ ചിറപ്പിന് ശേഷം കോടതി പാലം പൊളിക്കുന്നതോടെ ഇരുകരകളിലെയും ഗതാഗതം നിരോധിക്കും. മുഹമ്മ ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ വൈ.എം.സി പാലത്തിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലത്തിന്റെ കിഴക്കേകര വഴി കൊമ്മാടിപാലം ജംഗ്ഷനിൽ നിന്ന് , കിഴക്കോട്ട് തിരിഞ്ഞ് കൈചൂണ്ടി മുക്ക് വഴി മുഹമ്മയ്ക്ക് പോകാനാണ് കെ.ആർ.എഫ്.ബി അധികൃതർ നൽകിയിട്ടുള്ള നിർദ്ദേശം. പൊലീസ് നിർദ്ദേശത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. ബദൽ റൂട്ട് ജില്ലാ ഭരണകൂടത്തിന് കൈമാറും.
...........
# റൂട്ട് മാറ്റി കെ.എസ്.ആർ.ടി.സി
ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചതോടെ കെ.എസ്.ആർ.ടി.സി അപ്രഖ്യാപിതമായി റൂട്ട് മാറ്റിയാണ് ഇന്നലെ മുതൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾ സർവീസ് നടത്തിയത്. ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്ന് പിച്ചുഅയ്യർ, വൈ.എം.സി, ബോട്ട് ജെട്ടി വഴി പോകേണ്ട ഫാസ്റ്റ് പാസഞ്ചർ ബസുകൾ ജനറൽ ആശുപത്രിയിൽ നിന്ന് കിഴക്കോട്ട് തിരിഞ്ഞ് കല്ലുപാലം വഴിയാണ് സർവീസ് നടത്തിയത്. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി. കല്ലുപാലത്തിന് തെക്ക് കാനയുടെ പണിനടക്കുന്നതിനാൽ ഗതാഗതകുരുക്കിൽ ജനങ്ങൾ വലഞ്ഞു.
.........
ഗതാഗത നിയന്ത്രണം
1 പ്രാരംഭഘട്ടത്തിൽ വാടക്കനാലിന്റെ വടക്കേകര വഴി എസ്.ഡി.വി സ്‌കൂൾ വഴി മണ്ണഞ്ചേരി ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ, തോടിന്റെ തെക്കുവശത്തെ നിലവിലെ റോഡിലൂടെ കടത്തിവിടും. ഇതിനായി കോടതി പാലത്തോട് ചേർന്നുള്ള മുല്ലയ്ക്കൽ ജംഗ്ഷനിലെ മീഡിയൻ നീക്കം ചെയ്യും.
2. മുഹമ്മ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പാലംകയറി കിഴക്കോട്ട് തിരിഞ്ഞ് പോകണം. പാലത്തിൽ നിന്ന് വലതോട്ട് തിരിഞ്ഞു പോകാൻ അനുവദിക്കില്ല.
3. കെ.എസ്.ആർ.ടി.സിയിൽ നിന്ന് മുഹമ്മയിലേക്ക് പോകാൻ വരുന്ന വാഹനങ്ങൾ ജില്ലാകോടതി പാലം വഴി പോകണം.
..................
"ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ പൊതുവരാമത്ത് വകുപ്പിന് കൈമാറി. തീരുമാനം പൊതുമരാമത്ത് വകുപ്പ് അറിയിക്കും.
-ട്രാഫിക് പൊലീസ്, ആലപ്പുഴ
'' ജില്ലാക്കോടതിപ്പാലത്തിന്റെ വടക്കേകരയിലെ മേൽപ്പാലത്തിന്റെ പൈലിംഗ് 11ന് ആരംഭിക്കും. വ്യാപാരികളുടെ ഹർജിയിൽ തീർപ്പ് ഉണ്ടായാലുടൻ തെക്കേക്കരയിലെയും പൈലിംഗ് ആരംഭിക്കും
-ജയകുമാർ, അസി.എൻജിനിയർ, കെ.ആർ.എഫ്.ബി