
അമ്പലപ്പുഴ: നിയുക്ത ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി ക്ക് അയ്യപ്പന്റെ മാതൃസ്ഥാനമായ അമ്പലപ്പുഴയിൽ അമ്പലപ്പുഴ പേട്ട സംഘത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പടിഞ്ഞാറെ ആനക്കൊട്ടിലിൽ അമ്പലപ്പുഴ ബ്രാഹ്മണ സമൂഹം ഭാരവാഹികൾ പൂർണ്ണ കുംഭം നൽകി സ്വീകരിച്ച് വാദ്യമേളങ്ങളോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ക്ഷേത്ര ദർശന ശേഷം നാടക ശാലയിൽ രാവിലെ 10.30 ന് ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. സമൂഹ പ്പെരിയോൻ എൻ. ഗോപാലകൃഷ്ണ പിള്ള പൊന്നാട അണിയിച്ച് ആദരിച്ചു. സംഘം പ്രസിഡന്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷനായി . വാർഡ് അംഗം സുഷമ രാജീവ്, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.കവിത, ദേവസ്വം അസി. കമ്മീഷണർ വിമൽ കുമാർ, അഡ്മിനിസ്ട്രേറ്റീവ് ആഫീസർ ജയലക്ഷമി, കോയ്മസ്ഥാനി ശ്രീകുമാർ വലിയ മഠം, ക്ഷേത്ര വികസനട്രസ്റ്റ് പ്രസിഡന്റ് ടി.കെ.ഹരികുമാർ താമത്ത്, ഫോക്കസ് ചെയർമാൻ സി.രാധാകൃഷ്ണൻ, കളിത്തട്ട് ജനറൽ സെക്രട്ടറി സജു പാർത്ഥസാരഥി എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി കെ.ചന്ദ്രകുമാർ സ്വാഗതവും ട്രഷറർ ബിജു സാരംഗി നന്ദിയും പറഞ്ഞു.