g

ആലപ്പുഴ : വിദ്യാർത്ഥികളടക്കം ആശ്രയിക്കുന്ന നടപ്പാലത്തിലെ കൈവരി തകർന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താനോ അപകടസൂചനാ ബോർഡ് സ്ഥാപിക്കാനോ അധികൃതർ തയ്യാറാകാത്തതിനെതിരെ പ്രതിഷേധമുയരുന്നു. നഗരത്തിൽ കോൺവന്റ് സ്ക്വയർ ജംഗ്ഷന് സമീപം കണ്ണൻ വർക്കി പാലത്തിന് സമാന്തരമായ നടപ്പാലത്തിലാണ് കൈവരിയുടെ വലിയൊരു ഭാഗം പൂർണമായി തകർന്നത്.

സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന് തൊട്ട് മുന്നിലുള്ള ഈ പാലത്തിലൂടെ ധാരാളം വിദ്യാർത്ഥികളും രക്ഷിതാക്കളും നിത്യേന യാത്ര ചെയ്യുന്നുണ്ട്. അപകടമുണ്ടാകാൻ കാത്തുനിൽക്കാതെ പാലത്തിന്റെ കൈവരി പുനഃസ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കാലൊന്ന് തെറ്റിയാൽ കനാലിൽ

 സമീപത്തെ സ്കൂളിലെ വിദ്യാർത്ഥികളായ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളാണ് പാലത്തിലൂടെ യാത്രക്കാരിലധികവും

 പാലത്തിലൂടെ നടക്കുന്നതിനിടെ കാലൊന്നു തെറ്റിയാൽ നേരെ പതിക്കുക ആഴമുള്ള കനാലിലേക്കാകും

 പ്രധാനപാതയിലെ തിരക്കിൽപ്പെടാതെ മറുകര കടക്കാനാകുമെന്നതിനാൽ കൂടുതൽ പേർ പാലത്തെ ആശ്രയിക്കുന്നു

കണ്ണൻ വർക്കി പാലത്തിലെ തിരക്കിൽപ്പെടാതെ മറുകര കടക്കാമെന്നതിനാലാണ് നടപ്പാലത്തെ ആശ്രയിക്കുന്നത്. വലിയൊരു ഭാഗം കൈവരിയില്ലാതെ തുറസ്സായി കിടക്കുന്നത് ഭയപ്പെടുത്തുന്നു

- റസിയ, രക്ഷിതാവ്

എത്രയോ നാളുകളായി കൈവരിയില്ലാതെ പാലം അപകടഭീഷണി ഉയർത്തുന്നു. അധികൃതർ മനസ്സുവെച്ചാൽ വേഗത്തിൽ പരിഹാരം കാണാം

- സുധീഷ്, രക്ഷിതാവ്