vidhikarthakkal

മാന്നാർ: ചെങ്ങന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ മലയാളം പദ്യം ചൊല്ലൽ മത്സരത്തിന്റെ വിധി നിർണയിച്ചത് അച്ഛനും മക്കളും ഒന്നിച്ച്. മാന്നാർ നായർ സമാജം സ്‌കൂളിൽ നടക്കുന്ന കലോത്സവത്തിലാണ് അപൂർവമായ കാഴ്ച അരങ്ങേറിയത്. കലോത്സവത്തിലെ സാഹിത്യ വിഭാഗങ്ങളിലെ വിവിധ ഇനങ്ങളിൽ വിധികർത്താക്കളായി എത്തിയ മാവേലിക്കര പല്ലാരിമംഗലം സ്വദേശി ഹരിദാസും മക്കളായ ഹരിദേവ് ഹരിദാസും ശ്രീദേവ് ഹരിദാസുമാണ് മലയാളം പദ്യം ചൊല്ലൽ മത്സര വേദിയിൽ ഒത്തൊരുമിച്ച് വിധി കർത്താക്കളായത്. മാവേലിക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സ്റ്റോർ ഇൻ ചാർജ് പദവിയിൽ നിന്ന് വിരമിച്ച ഹരിദാസ്,​ പല്ലാരിമംഗലം കലോത്സവ വേദിയിൽ വിധികർത്താവായി കാൽനൂറ്റാണ്ട് പിന്നിടുകയാണ്. എം.എ മലയാളത്തിൽ ഉന്നത വിജയം നേടിയിട്ടുള്ള ഹരിദേവും ശ്രീദേവും അച്ഛന്റെ പാതയിൽ വിധികർത്താക്കളായി അഞ്ച് വർഷം പിന്നിട്ടു. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ പരിശീലനം നൽകുകയാണ് ഇരുവരും. കവിയും എഴുത്തുകാരനുമായ ഹരിദാസ്,​ അമ്മ എന്ന കവിത സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാമയം എന്ന കവിത സമാഹാരത്തിന്റെ രചനയിലാണ്. കേരളത്തിലെ സാഹിത്യകാരന്മാരുടെ ജീവിത അവലോകന രചനയും ഹരിദാസിന്റെ മനസിലുണ്ട്.