ambala

അമ്പലപ്പുഴ : കെട്ടിടനിർമ്മാണം പൂർത്തിയാകാത്തതിനെത്തുടർന്ന് ആലപ്പുഴ ഗവ.ദന്തൽ കോളേജിലെ വിദ്യാർത്ഥികളും രോഗികളും ദുരിതത്തിൽ. പണംകിട്ടാത്തതിനെത്തുടർന്ന് കരാറുകാരൻ രണ്ടുവർഷമായി നിർമ്മാണം നിറുത്തിവച്ചിരിക്കുകയാണ്.

2014 ആഗസ്റ്റ് 16ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ദന്തൽ കോളേജിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. ദേശീയപാതയോരത്ത് വിശാലമായ സ്ഥലത്താണ് 3 നിലകളിലുള്ള കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്.

50 കോടി രൂപയുടെ കെട്ടിടം 2021 ൽ പൂർത്തീകരിക്കാനാകുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ അഞ്ചരകോടി രൂപ കുടിശികവന്നതോടെ കരാറുകാരൻ 2022ൽ നിർമ്മാണം നിർത്തിവച്ചു.

നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജിന് പിന്നിൽ ഇടുങ്ങിയ സ്ഥലത്താണ് കോളേജ് പ്രവർത്തിക്കുന്നത്. ഒ.പി വിഭാഗത്തിൽ പരിശോധനക്കായി എത്തുന്ന രോഗികളും നിന്ന് തിരിയാൻ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഒരു കോടി രൂപയുടെ അത്യാധുനിക സി.ബി.റ്റി മെഷിൻ കൊണ്ടുവന്നിട്ട് ഒരു വർഷമായെങ്കിലും കെട്ടിടം പൂർത്തീകരിക്കാത്തത്തിനാൽ സ്ഥാപിക്കാനായിട്ടില്ല.

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ജനലുകളും, വാതിലുകളും ഇളകിയ നിലയിലാണ്. സാമൂഹ്യവിരുദ്ധരുടെ താവളമായും മാറി.

ക്ളാസ് കുടുസുമുറികളിൽ

 വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്നത് കുടുസുമുറികളിൽ

 50 വിദ്യാർത്ഥികളാണ് ഒരു വർഷം പ്രവേശനം നേടുന്നത്

 കെട്ടിടം പൂർത്തീകരിക്കാത്തതിനാൽ പി.ജി സീറ്റ് ലഭിച്ചിട്ടില്ല

കോളേജിൽ ഹോസ്റ്റലിന്റെ നിർമ്മാണവും ആരംഭിച്ചിട്ടില്ല

കെട്ടിടത്തിന്റെ നിർമ്മാണച്ചെലവ്

50 കോടി

ദന്തരോഗ ചികിത്സക്കായി ഗവ.കോളേജിൽ താമസം നേരിടുന്നതിനാൽ രോഗികൾ പണം കൊടുത്ത് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. എത്രയും പെട്ടെന്ന് കെട്ടിട നിർമ്മാണം പൂർത്തിയാക്കണം

- കെ.ആർ.തങ്കജി വൈസ് പ്രസിഡന്റ് ജനകീയ ജാഗ്രതാ സമിതി