
കായംകുളം: കായംകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനോട് ചേർന്ന് പ്രവർത്തിക്കുന്ന തപാൽ വകുപ്പിന്റെ റെയിൽ മെയിൽ സർവീസ് (ആർ.എം.എസ്) ഓഫീസ് അടച്ചുപൂട്ടാൻ നീക്കം. നിലവിൽ കായംകുളം ജംഗ്ഷനിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വേഗത്തിൽ തപാലുകൾ എത്തിക്കാൻ സൗകര്യമുള്ള 24മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസ് സംവിധാനമാണ് ഇവിടെയുള്ളത്.
41 സബ് പോസ്റ്റ് ഓഫീസുകളിലേക്കും,നൂറോളം ബ്രാഞ്ച് ഓഫീസുകളിലേക്കും രജിസ്രേഡ്, ഓർഡിനറി തപാലുകൾ ഇവിടെ നിന്നും അയക്കുന്നുണ്ട്. കായംകുളം ആർ.എം.എസ് ഓഫീസ് നിർത്താനുള്ള ഉത്തരവ് നടപ്പാക്കിയാൽ തപാലുകൾ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കും, പത്തനംതിട്ട ജില്ല, കൊല്ലം ജില്ലകളുടെ മലയോര പ്രദേശങ്ങളിലേക്കും എത്തുന്നത് വൈകും. മാത്രമല്ല ഈ ഓഫീസിലെ 30 ഓളം ജീവനക്കാരെ സ്ഥലം മാറ്റേണ്ടിവരും. 12 താൽക്കാലിക ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും.
കായംകുളത്തെ ആർ.എം.എസ് ഓഫീസ് നിലനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്ആവശ്യപ്പെട്ട് യു.പ്രതിഭ എം.എൽ.എ കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കത്ത് അയച്ചു.