
ആലപ്പുഴ: പ്രകൃതി ദുരന്തത്തിൽ തകർന്ന മിൽമ ബൂത്ത് പൊൻതൂവൽ ചാരിറ്റബിൾ ട്രസ്റ്റ് പുനർനിർമ്മിച്ചു നൽകി. മുപ്പത്തിരണ്ട് വർഷമായി ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ തോണ്ടൻകുളങ്ങര ക്ഷേത്രത്തിന് സമീപം പ്രവർത്തിച്ച് വന്ന മിൽമ ബൂത്താണ് ഏതാനും മാസങ്ങൾക്ക് മുമ്പുണ്ടായ പ്രകൃതി ദുരന്തത്തിൽ തകർന്നത്. ശക്തമായ കാറ്റിൽ സമീപവാസിയുടെ പുരയിടത്തിലെ മരം ബൂത്തിനു മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. മണ്ണഞ്ചേരി സ്വദേശിയായ സീനത്ത് നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് മിൽമ ബൂത്ത്. തകർന്ന കെട്ടിടം പുനർ നിർമിക്കാൻ നഗരസഭയിലടക്കം സഹായം അഭ്യർത്ഥിച്ചെങ്കിലും യാതൊരു വഴിയും ഉണ്ടായില്ല. തുടർന്നാണ് പൊൻതൂവൽ ട്രസ്റ്റ് ഭാരവാഹികളായ സിനിമോൾ സുരേഷ്, ജിജി സന്തോഷ്, പ്രിൻസി പോൾ തുടങ്ങിയവർ ചേർന്ന് കെട്ടിടം പുനർ നിർമിക്കാൻ തീരുമാനിച്ചത്. കെട്ടിടം തകർന്നതോടെ ജീവിത മാർഗം നിലച്ചു പോയ തനിക്ക് ലഭിച്ച വലിയ അനുഗ്രഹമാണ് പൊൻതൂവൽ ചാരിട്രബിൾ ട്രസ്റ്റിലൂടെ ലഭിച്ചതെന്ന് സീനത്ത് നാസർ പറഞ്ഞു. ബൂത്തിന്റെ താക്കോൽ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ സീനത്തിന്റെ ഭർത്താവ് നാസറിന് കൈമാറി.