
കായംകുളം: കായംകുളത്ത് നടന്ന ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവ സംഘാടകസമിതി രൂപീകരണ യോഗം അലങ്കോലമായി. വാക്കേറ്റവും ബഹളവും തുടർന്നതോടെ യു.പ്രതിഭ എം.എൽ.എ ഇറങ്ങിപ്പോയി. ഇന്നലെ ഉച്ചയ്ക്ക് കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു യോഗം.
ചെയർമാൻ, കൺവീനർ സ്ഥാനങ്ങളെച്ചൊല്ലി അദ്ധ്യാപക സംഘടന പ്രതിനിധികളും നഗരസഭ കൗൺസിലർമാരും തമ്മിലാണ് തർക്കവും വാക്കേറ്റവും ഉണ്ടായത് .വിവിധ സബ് കമ്മിറ്റികളുടെ ചാർജ് വലത്, ഇടത് അദ്ധ്യാപക സംഘടനകൾക്ക് നൽകിയിരുന്നു. ഈ സബ് കമ്മിറ്റികളിൽ അതാത് സംഘടനകളിൽപ്പെട്ട ജനപ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. ഇതിനെ ജനപ്രതിനിധികൾ എതിർത്തു. എം.എൽ.എ ഇറങ്ങിപ്പോയതോടുകൂടി യോഗം അവസാനിച്ചു. എന്നാൽ, താൻ ഇറങ്ങിപ്പോയതല്ലെന്നും മറ്റൊരു പരിപാടിക്ക് പോയതാണെന്നും എം.എൽ.എ അറിയിച്ചു.