s

ആലപ്പുഴ: അമ്പലപ്പുഴ സബ് ഡിവിഷനിൽ ഓഫീസ് (ഡിവൈ എസ്.പി) പരിധിയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ ക്വാർട്ടേഴ്സ് നിർമ്മിക്കാൻ നടപടി ആരംഭിച്ചു. പുന്നപ്ര, അമ്പലപ്പുഴ, തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനുകളിലാണ് ക്വോട്ടേഴ്സ് നിർമ്മിക്കാൻ ശുപാർശയുള്ളത്.

നിലവിൽ പുന്നപ്രയിലും അമ്പലപ്പുഴയിലും ക്വാർട്ടേഴ്സ് ഉണ്ടെങ്കിലും ജീർണാവസ്ഥയിലാണ്. മൂന്ന് പൊലീസ് സ്റ്റേഷനുകളും ദേശീയപാതയോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. ക്വാർട്ടേഴ്സിന്റെ എസ്റ്റിമേറ്റും ഡി.പി.ആറും വൈകാതെ തയ്യാറാക്കും.

പഴക്കം പണിയാണ്

1.പുന്നപ്രയിലെ ക്വാർട്ടേഴ്സിന് പുന്നപ്ര വയലാർ സമരത്തെക്കാൾ പഴക്കമുണ്ട്. 80വർഷത്തിന് മുകളിൽ പഴക്കമുള്ളതാണ് ഇവിടത്തെ 12 ക്വാർട്ടേഴ്സ് കെട്ടിടങ്ങളും

2. ഇതിൽ ഒരു ക്വാർട്ടേഴ്സിൽ മാത്രമാണ് താമസം. 11എണ്ണത്തിന്റെയും മേൽക്കൂര തകർന്നുവീഴാറായ അവസ്ഥയിലാണ്. പലകെട്ടിടത്തിന്റെയും ഓടുകൾ തകർന്ന നിലയിലാണ്

3.അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ 20 ക്വാർട്ടേഴ്സുകളാണുള്ളത്. ഇതിൽ 11എണ്ണത്തിൽ മാത്രമാണ് താമസമുള്ളത്. ശേഷിച്ചവയുടെ മേൽക്കൂര എത് സമയവും നിലംപൊത്തുന്ന അവസ്ഥയിലാണ്

4.തോട്ടപ്പള്ളിയിലെ തീരദേശ പൊലീസിന് ക്വാർട്ടേഴ്സ് പണിയാൻ ആഭ്യന്തര വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 60സെന്റ് സ്ഥലം അളന്ന് തിരിച്ചു കിട്ടാൻ റവന്യൂ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രശ്‌നം സാമ്പത്തികം

അമ്പലപ്പുഴയിലെ ഡിവൈ. എസ്.പി ഓഫീസ് പ്രവർത്തിക്കുന്നത് സി.ഐ ഓഫീസിലാണ്. രണ്ട് മുറികളാണുള്ളത്. ചെറിയ മുറിയിൽ ഡിവൈ. എസ്.പിയും വലിയമുറിയിൽ ഓഫീസുമാണ് പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് വിശ്രമിക്കാൻ സ്ഥലമില്ല. പുതിയ കെട്ടിട സമുച്ചയത്തിൽ പ്രതീക്ഷയുണ്ടെങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തടസമാകുമോ എന്ന ആശങ്കയും നിലവിലുണ്ട്.

പ്രവർത്തന പരിധി

അമ്പലപ്പുഴ, പുന്നപ്ര, നെടുമുടി, പുളികുന്ന്, മാന്നാർ, എടത്വ, കൈനടി , തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനുകൾ