s

ആലപ്പുഴ: ജില്ലയിൽ സൈബർ കേസുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധന പൊലീസിന് തലവേദനയാകുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വർദ്ധനയാണ് ഈ വർഷത്തെ ആദ്യപത്തുമാസത്തിനുള്ളിൽ ഉണ്ടായത്. 2024ൽ സൈബർ തട്ടിപ്പിലൂടെ 34.53 കോടി രൂപ ജില്ലയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ 82ലക്ഷംരൂപ തിരികെ ലഭിച്ചു. പൊലീസ് ശക്തമായ നടപടികളാണ് ഇക്കാര്യത്തിൽ എടുക്കുന്നതെങ്കിലും ചെറിയ ശ്രദ്ധക്കുറവ് കൊണ്ട് ധാരാളം പേർക്ക് പണം നഷ്ടപ്പെടുന്നുണ്ട്. 2024ൽ സംസ്ഥാനത്ത് സൈബർ തട്ടിപ്പിലൂടെ 657 കോടി രൂപയാണ് നഷ്ടട്ടത്.
കഴിഞ്ഞവർഷം 94 സൈബർ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഈ വർഷം നവംബർ വരെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 251 കേസുകളാണ്. വിവിധ കേസുകളിലായി 58 പേരെ അറസ്റ്റ് ചെയ്തു. ജില്ലയിൽ നിന്നും ഉദ്യോഗാർത്ഥികളെ ഓൺലൈൻ റിക്രൂട്ട്മെന്റ് നടത്തി തട്ടിപ്പ് നടത്തുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള പരാതികളിൽ എട്ട് ഏജന്റുമാർക്ക് എതിരെ നിയമ നടപടി സ്വീകരിച്ചു. ട്രായി ഉദ്യോഗസ്ഥൻ ചമഞ്ഞും ചേർത്തല സ്വദേശിയെ തട്ടിപ്പിനിരയാക്കി.

ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച പരാതികൾ

 2022ൽ : 546

 2023ൽ : 1028

 2024 (നവംബർ 5വരെ) : 1922

ജില്ലയിൽ ഈ വർഷം സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്

34.53 കോടി രൂപ

ജില്ലയിലെ പ്രധാന തട്ടിപ്പുകൾ
1. ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികൾക്ക് 7.55 കോടി രൂപ നഷ്ടമായി

2. സംസ്ഥാനത്തെ ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നാണിത്

3. മാന്നാർ സ്വദേശിക്കും ഓൺലൈൻ തട്ടിപ്പിആൂടെ കോടികൾ നഷ്ടപ്പെട്ടു

4. വെൺമണി സ്വദേശിക്ക് നിക്ഷേപതട്ടിപ്പിലൂടെ 1.30 കോടി രൂപ നഷ്ടമായി
5.ചെങ്ങന്നൂർ സ്വദേശിക്ക് ഓൺലൈൻ ട്രേഡിംഗിലൂടെ 99 ലക്ഷം രൂപ നഷ്ടപ്പെട്ടു

തട്ടിപ്പിന് ഇരയായാൽ

ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പൊലീസിൽ അറിയിക്കണം

ബാങ്ക് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവർ തട്ടിപ്പിന് ഇരായാകുന്നുണ്ട്. ജാഗ്രതയാണ് വേണ്ടത്

- എം.പി.മോഹനചന്ദ്രൻ ,

ജില്ലാ പൊലീസ് മേധാവി