ambala

അമ്പലപ്പുഴ: അടിപ്പാത ,ഉയരപ്പാത നിർമ്മിക്കണമന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ആരംഭിച്ച കരൂർ പായൽകുളങ്ങരയിൽ ദേശീയ പാത അതോറിറ്റി ഡപ്യൂട്ടി ഡയറക്ടർ ബിപിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ജനകീയ സമിതി ഭാരവാഹികളുമായി ചർച്ച നടത്തി. പുറക്കാട് -അമ്പലപ്പുഴ 4.5 കിലോമീറ്റർ ദൂര പരിധിക്കുള്ളിൽ അടിപ്പാത അനുവദിച്ചിട്ടില്ലെന്നും മറ്റു പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ഇടവിട്ട് അനുവദിച്ചിട്ടുണ്ടെന്നും പുറക്കാട് പഞ്ചായത്തിൽ 9.5 കിലോമീറ്റർ ദൂരത്തിൽ 2 അടിപ്പാത മാത്രമാണ് അനുവദിച്ചിട്ടുളളതെന്നും ചൂണ്ടിക്കാട്ടി. ആവശ്യമായ പരിശോധനകൾ നടത്തി നടപടി സ്വീകരിക്കുമെന്ന് ഡപ്യൂട്ടി ഡയറക്ടർ ഉറപ്പുനൽകിയതായി ജനകിയ സമിതി അറിയിച്ചു. ജനകീയ സമിതി ചെയർമാനും, പഞ്ചായത്ത് പ്രസിഡന്റുമായ എ. എസ്. സുദർശനൻ, കൺവീനർ എം.ടി. മധു , ജീ. ഓമനക്കുട്ടൻ, പി.ബാബു എന്നിവർ പങ്കെടുത്തു.