
തുറവൂർ: നടുറോഡിൽ നിന്ന് കിട്ടിയ ഒരു ലക്ഷം രൂപ യഥാർത്ഥ ഉടമയ്ക്ക് ലഭിക്കാൻ പൊലീസിൽ ഏൽപ്പിച്ച ബിനീഷിന്റെ ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം.നഷ്ടപ്പെട്ട തുക അന്വേഷിച്ച് ഉടമയെത്തി. പാരിതോഷികമായി കിട്ടിയ തുകയിൽ പകുതിയിലധികം രൂപ കാരുണ്യ പ്രവർത്തനത്തിനും നൽകിയിരിക്കുകയാണ് തുറവൂർ സ്റ്റാൻഡിലെ ഓട്ടോ ടാക്സി ഡ്രൈവറായ ബിനീഷ്. തുറവൂർ പഞ്ചായത്ത് ഒൻപതാം വാർഡ് വളമംഗലം തെക്ക് പീടികത്തറ വീട്ടിൽ ബിനീഷിനാണ് കഴിഞ്ഞ മാസം 28 ന് ഉച്ചയ്ക്ക് ഒന്നിന് തിരക്കേറിയ തുറവൂർ കവലയ്ക്ക് കിഴക്കുവശത്തെ ഇന്ത്യ എ.ടി.എമ്മിന് സമീപത്തു നിന്ന് ഒരു ലക്ഷം രൂപ ലഭിച്ചത്. ഉടമയെ കണ്ടെത്താൻ കഴിയാതെ വന്നതിനെ കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. എസ്.എച്ച്.ഒ എം.അജയമോഹന്റെ നേതൃത്വത്തിൽ പൊലീസ് ഉടമയ്ക്കായി അന്വേഷണം നടത്തുന്നതിനിടെ ഒരു ലക്ഷം രൂപ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടതായി കാണിച്ച് ഇന്ത്യ എ.ടി.എമ്മിൽ പണം നിറയ്ക്കാൻ കരാർ ചുമതലയുള്ള ഏജൻസി പരാതി നൽകുകയും തെളിവുകൾ ഹാജരാക്കുകയും ചെയ്തു. സംഭവദിവസം ഏജൻസിയുടെ ജീവനക്കാർ എ.ടി.എമ്മിൽ പണം നിറച്ചു മടങ്ങുമ്പോഴാണ് പണം നഷ്ടപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ കുത്തിയതോട് സ്റ്റേഷനിൽ വച്ച് ബിനീഷ് ഏജൻസി മാനേജർ പ്രവീണിന് തുക കൈമാറി. സന്തോഷ സൂചകമായി പ്രവീൺ നൽകിയ 5000 രൂപയിൽ നിന്ന് 3000 രൂപ ബിനീഷ് വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ സ്വകാര്യാശുപത്രിയിൽ കഴിയുന്ന വളമംഗലം സ്വദേശി മധുവിന്റെ ചികിത്സാ നിധിയിലേക്ക് നൽകി.