മാന്നാർ : മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസന ആസ്ഥാനമായ പരുമല സെന്റ് ഗ്രിഗോറിയോസ് പാത്രിയാർക്കൽ സെന്ററിലെ ദേവാലയത്തിൽ പരിശുദ്ധ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമപ്പെരുന്നാളിന് കൊടിയേറി. ഇടവക വികാരി ഫാ.സാബു യോഹന്നാൻ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഇന്നും നാളെയുമാണ് പ്രധാന പെരുന്നാൾ. പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 6ന് സന്ധ്യാ നമസ്ക്കാരത്തിന് ഭദ്രാസന സഹായ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ ബർണബാസും, ഗീവർഗീസ് മാർ കൂറിലോസും കാർമികത്വം വഹിക്കും. സെമിനാരി മൽപാൻ മൂലയിൽ കുര്യാക്കോസ് കോറെപ്പിസ്കോപ്പ ഗ്രിഗോറിയൻ അനുസ്മരണത്തിനു നേതൃത്വം നൽകും. നാളെ രാവിലെ 8.30ന് ഐസക് മോർ ഒസ്ത്‌താത്തിയോസിന്റെ കാർമികത്വത്തിൽ കുർബാന,പ്രദക്ഷിണം. തുടർന്ന് ആദരവ്, 11ന് നേർച്ച വിളമ്പിനു ശേഷം കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കുമെന്ന് ഭദ്രാസന ചുമതല വഹിക്കുന്ന ഡോ.ജോസഫ് മാർ ഗ്രിഗോറിയോസ്, ഭദ്രാസന സെക്രട്ടറി ഫാ.റോജൻ പേരകത്ത് എന്നിവർ അറിയിച്ചു.