ആലപ്പുഴ: ജില്ല കോടതിപ്പാലം പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട പൈലിംഗ് ജോലികളും അതിന്റെ ഭാഗമായുള്ള ഗതാഗത ക്രമീകരണവും 19ന് ആരംഭിക്കും. ആലപ്പുഴ കേന്ദ്രീകരിച്ചുളള സംസ്ഥാന ശാസ്ത്രമേള കണക്കിലെടുത്ത് 11ന് ആരംഭിക്കാനിരുന്ന പൈലിംഗ് ജോലികൾ മാറ്റുകയായിരുന്നു.ശാസ്ത്രമേള 19വരെ നീണ്ടുനിൽക്കുന്നതിനാൽ ട്രയൽ പോലും സാദ്ധ്യമാകാതെ 19മുതലുള്ള ഗതാഗതം വഴിതിരിക്കൽ ഏത് രീതിയിലായി തീരുമെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. കോടതിപ്പാലത്തിന് പടിഞ്ഞാറ് വശം കനാലിന്റെ വടക്കേക്കരയിൽ നടക്കുന്ന പൈലിംഗ് ജോലികൾക്കായി റിഗ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇതിനകം എത്തിച്ചിട്ടുണ്ട്.

വടക്കേക്കരയിലെ പൈലിംഗ് ജോലികൾക്ക് ഒന്നരമാസത്തോളം വേണ്ടിവരും. ഗതാഗതം വഴിതിരിച്ചുവിടുന്നതിനായി കോടതിപ്പാലം ജംഗ്ഷനിലെ ട്രാഫിക് ഐലന്റും ഡിവൈഡറും പൊളിച്ചുമാറ്റിയിട്ടുണ്ട്. വടക്കേക്കരയിലെ പൈലിംഗ് പൂ‌ർത്തിയായാൽ തെക്കേക്കരയിലും ഇത്രയും തന്നെ പൈലിംഗ് ജോലികൾ പൂർത്തിയാക്കണം

ഇതിന് ശേഷം പാലത്തിന് കിഴക്കുവശത്ത് കനാൽക്കരയിലെ രണ്ട് റോഡുകളുടെ വശങ്ങളിലും പൈലിംഗും പില്ലറുകൾ സ്ഥാപിക്കലും നടത്തേണ്ടതായുണ്ട്. ഇവിടുത്തെ വ്യാപാരികൾ നൽകിയ കേസ് 11ന് കോടതി വീണ്ടും പരിഗണിക്കും. കേസിൽ തീരുമാനമുണ്ടായാൽ കനാലിന്റെ ഇരുകരകളിലും ഒരേസമയം പൈലിംഗ് ജോലികൾ ആരംഭിക്കാനാണ് തീരുമാനമെങ്കിലും അടുത്തമാസം പകുതിയോടെ ചിറപ്പുത്സവം ആരംഭിക്കാനിരിക്കെ പൈലിംഗ് ജോലികൾ എങ്ങനെ പൂ‌ർത്തിയാക്കാനാകുമെന്ന് വ്യക്തമല്ല. പാലത്തിന്റെ കിഴക്കുവശം കനാലിന്റെ തെക്കേക്കരയിൽ മൂന്ന് കരകളിലുമുള്ളതിന്റെ ഇരട്ടി പില്ലറുകളും സ്പാനുകളുമാണ് വേണ്ടിവരുന്നത്.

നിയന്ത്രണത്തിൽ വ്യക്തതയില്ല

പ്ളാൻ എ

പൈലിംഗ് ജോലികൾ ആരംഭിച്ചാൽ കോടതിപ്പാലം മുതൽ വൈ.എം.സി.എ വരെ കനാൽപ്പാലത്തിന്റെ തെക്കേക്കരയിലെ റോഡിലൂടെയാകും ഗതാഗതം. വടക്കേക്കരയിലെ റോഡ് വൈ.എം.സി.എ ഭാഗത്തെ സൂപ്പർ മാർക്കറ്റ് മുതൽ എസ്.ഡി.വി സ്കൂൾവരെയുള്ള ഭാഗം അടയ്ക്കും. സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നുള്ള സ്വകാര്യ ബസുകൾ ഉൾപ്പെടെ കോടതിപ്പാലത്തിൽ വന്ന് ഇടത്തേക്ക് തിരിഞ്ഞുപോകണം.

പ്ളാൻ ബി

നഗരത്തിന് വടക്കുഭാഗത്തേക്ക് പോകേണ്ട സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വൈ.എം.സി.എ പാലത്തിൽ നിന്നും മട്ടാഞ്ചേരിപ്പാലത്തിന്റെ നിന്ന് കിഴക്കേ അപ്രോച്ച് റോഡ് വഴി വലത്തോട്ട് തിരിഞ്ഞ് എ.എസ് കനാലിന്റെ കിഴക്കേക്കരവഴി കൊമ്മാടിപ്പാലത്തിലെത്തി കിഴക്കേ അപ്രോച്ച് റോഡ് വഴി കൈചൂണ്ടിമുക്ക് വഴിയും തിരിച്ചുവിടും.

..................................

പാലം പുനർനിർമ്മാണത്തിന്റെ എം.ഒ.യു ഒപ്പിട്ടിട്ട് രണ്ട് മാസം പിന്നിട്ടു. 24മാസത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ. മഴയും സമരവും കേസുമുൾപ്പെടെയുള്ള വിഷയങ്ങൾ കാരണം നിർമ്മാണ ജോലികൾ പൂർണതോതിൽ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയുള്ള 22 മാസം നിർണായകം

- നിർമ്മാണ കമ്പനി

......................................

19ന് പൈലിംഗ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഗതാഗതം വഴിതിരിച്ചുവിടുന്ന സൂചനാ ബോ‌ർഡുകൾ അതിനുമുമ്പ് സ്ഥാപിക്കും. എത്രയും വേഗം പണി ആരംഭിക്കാനാണ് ശ്രമം

-റോഡ് ഫണ്ട് ബോ‌ർഡ്, ആലപ്പുഴ