ponj

ആലപ്പുഴ: ജലനിരപ്പിനേക്കാൾ താഴ്ച്ചയിൽ വീടുകൾ നിൽക്കുന്ന ആലപ്പുഴ നഗരസഭാ തിരുമല വാർഡിലെ പോഞ്ഞിക്കരയിൽ വേലിയേറ്റം പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ പ്രദേശത്ത് വീടുകളും ക്ഷേത്രങ്ങളും സദാസമയം വെള്ളക്കെട്ടിലാണ്. ഒപ്പം ഇഴജന്തുക്കളുടെയും പകർച്ച വ്യാധിയുടെയും ഭീഷണിയുമുണ്ട്. പ്രദേശത്തെ പത്തിലധികം വീടുകൾക്കുള്ളിൽ വേലിയേറ്റ സമയത്ത് വെള്ളം കയറും. പ്രദേശത്ത് ശാസ്ത്രീയയമായി പഠനം നടത്തി പരിഹാരം കാണാത്തിടത്തോളം വെള്ളക്കെട്ടിൽ നിന്ന് മോചനമുണ്ടാവില്ലെന്നാണ് നാട്ടുകാർ പറയുന്നത് . പല പ്ലോട്ടുകൾക്കുള്ളിലൂടെയും ചാലുകൾ ഒഴുകുന്നുണ്ട്. ജലാശയങ്ങളിൽ നിന്ന് കവിഞ്ഞ് കയറുന്നതിനു പുറമേ ഭൂമിയിൽ നിന്ന് തന്നെ നീരൊഴുക്ക് പുറത്തേക്ക് വരും. ഇതോടെ മഴ പെയ്യാത്ത കാലയളവിൽ പോലും പോഞ്ഞിക്കരക്കാർക്ക് വെള്ളപ്പൊക്കമാണ്. വെള്ളക്കെട്ട് മൂലം വിദ്യാർത്ഥികൾ ദുരിത ജീവിതമാണ് നയിക്കുന്നത്. പലരും പാന്റും ഷൂസും പാക്കറ്റിലാക്കി വെള്ളം നീന്തി കരയ്ക്ക് കയറിയ ശേഷമാണ് ഇവ ധരിക്കുന്നത്. നിരവധി കുട്ടികൾ ഇതിനകം തെന്നി വീണ് കാലും കൈയും ഒടിഞ്ഞ് കിടപ്പിലായി. വെള്ളത്തിൽ നിന്ന് പലർക്കും ത്വക്ക് രോഗങ്ങളും അലട്ടുന്നുണ്ട്. ഈർപ്പം തട്ടി ഗൃഹോപകരണങ്ങളടക്കം നശിക്കുന്ന അവസ്ഥയുമുണ്ട്. പുന്നമടക്കായലിൽ നിന്നും ജലഗതാഗത വകുപ്പിന്റെ ഡോക്ക് യാർഡിൽ നിന്നുമുള്ള മലിനജലമാണ് വീടുകൾക്കുള്ളിലേക്ക് കയറുന്നത്. വെള്ളക്കെട്ടിന് പരിഹാരം തേടി ആലപ്പുഴ നഗരസഭയുടെ 40 ലക്ഷം രൂപയുടെ കൽക്കെട്ട് നിർമ്മാണമാണ് നടക്കുന്നതെന്ന് വാ‌ർഡ് കൗൺസിലർ ശ്വേത പറഞ്ഞു. ശാശ്വത പരിഹാരത്തിനായി വെള്ളം പമ്പ് ചെയ്ത് കളയുന്ന പദ്ധതി സാങ്കേതിക പരിഗണന കാത്ത് കിടക്കുകയാണ്.

...............

ജനങ്ങളുടെ ആവശ്യം

 ബണ്ട് കെട്ടി റോഡ് ഉയർത്തി വീതികൂട്ടണം

തോട്ടിൽ ഷട്ടർ വേണം

മോട്ടോർ ഘടിപ്പിക്കണം

.......

 പമ്പിംഗിൽ പ്രതീക്ഷ

പി.പി .ചിത്തരഞ്ജൻ എം.എൽ.എ മുൻകൈയെടുത്ത് ആവിഷ്ക്കരിച്ചിരിക്കുന്ന പദ്ധതിയിലാണ് ഇനി പ്രതീക്ഷയുള്ളത്. വെള്ളം ഒരു കാനയിലേക്ക് ഒഴുക്കി, അവിടെ നിന്ന് പമ്പ് ചെയ്ത് പുറംതള്ളുന്ന രണ്ട് കോടിയുടെ പദ്ധതിയാണ് സാങ്കേതിക അനുമതിക്കായി നീങ്ങിയിരിക്കുന്നത്. ഭൂമിക്കടിയിൽ നിന്ന് വെള്ളം വാർന്ന് വരുന്ന സ്ഥലത്ത്, ഈ പദ്ധതി എത്രത്തോളം ഫലവത്താകുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്.

.........

വർഷത്തിൽ പത്ത് മാസവും വെള്ളത്തിലാണ്. ശാസ്ത്രീയമായി പ്രശ്നം പഠിച്ച് ശാശ്വത പരിഹാരമാണ് പ്രദേശത്തിന് ആവശ്യം.

-രാഹുൽ രമേശ്, പ്രസിഡന്റ്, പോഞ്ഞിക്കര ശ്രീസുബ്രഹ്മണ്യ ക്ഷേത്രം

ബണ്ട് കെട്ടിയാലോ റോഡ് ഉയർത്തിയാലോ പ്രദേശത്തിന്റെ ഘടന മൂലം വെള്ളക്കെട്ടിന് പരിഹാരമാകില്ല. വെള്ളം പമ്പ് ചെയ്ത് പുറത്ത് കളയുന്ന പദ്ധതിക്ക് അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രശ്നത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരമാകുമെന്നാണ് കരുതുന്നത്

-ശ്വേത.എസ്.കുമാർ, തിരുമല വാർഡ് കൗൺസിലർ