കായംകുളം : കായംകുളത്ത് യു.പ്രതിഭ എം.എൽ.എയും നഗരസഭ ചെയർപേഴ്സൺ പി.ശശികലയും തമ്മിലുള്ള പോര് പാർട്ടിക്ക് തലവേദനയാകുന്നു. പാർട്ടി നേതൃത്വത്തെ ധിക്കരിച്ച് സ്വന്തം നിലയിൽ പ്രവർത്തിക്കുന്ന എം.എൽ.എക്കെതിരെ ഏരിയാ നേതൃത്വം ജില്ലാകമ്മറ്റിക്ക് പരാതി നൽകിക്കഴിഞ്ഞു.
ഇരുവരുടെ തുറന്ന പോരാണ് കഴിഞ്ഞ ദിവസം നടന്ന ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവ സംഘാടകസമിതി രൂപീകരണ യോഗം അലങ്കോലമാകാൻ കാരണം.
ഇരുവരും വാക്ക് ശരങ്ങൾക്കൊണ്ട് ഏറ്റുമുട്ടിയതിന് പിന്നാലെയാണ് യോഗത്തിൽ വാക്കേറ്റവും ബഹളവും ഉണ്ടായത്. തുടർന്ന് എം.എൽ.എ ഇറങ്ങിപ്പോകുകയായിരുന്നു. ഉപജില്ലാകലോത്സവത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതായും ഇനി അനുവദിക്കില്ലന്നും യോഗത്തിൽ ശശികല പറഞ്ഞപ്പോൾ നഗരസഭ ചെയർപേഴ്സണ് പ്രത്യേക പരിഗണന ഇല്ലെന്ന് പ്രതിഭയും തുറന്നടിച്ചിരുന്നു.
ചെയർപേഴ്സന്റെ ഭർത്താവാണ് സി.പി.എം കായംകുളം ഏരിയാ സെക്രട്ടറി പി.അരവിന്ദാക്ഷൻ. പാർട്ടിയെ വകവയ്ക്കാതെയുള്ള പ്രതിഭയുടെ പോക്ക് പലതവണ ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
പ്രവർത്തകർ വിളിച്ചാൽ ഫോൺ എം.എൽ.എ എടുക്കാത്തതും പാർട്ടി നേതാക്കളെ ഫേസ് ബുക്കിലൂടെ അപമാനിക്കുന്നതും പി.വി അൻവറെ പിന്തുണച്ചതുമെല്ലാം പാർട്ടിക്ക് തലവേദനയായിരുന്നു.
ഇവർതമ്മിൽ വർഷങ്ങളായി തുടരുന്ന ഏറ്റുമുട്ടൽ കായംകുളത്തെ വികസനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. യോഗങ്ങളിൽ ഒരാൾ മറ്റൊരാൾക്കായി കാത്തിരിക്കില്ല. ചെയർപേഴ്സണോട് ആലോചിക്കാതെ പരിപാടികൾ നടത്തുന്നതിനാൽ അടുത്തിടെ മന്ത്രിമാർ പങ്കെടുത്ത യോഗങ്ങളിൽ നിന്നുപോലും അവർ വിട്ടു നിന്നിരുന്നു.
ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കലോത്സവ സ്വാഗതസംഘ യോഗത്തിൽ കണ്ടത്.
രാഷ്ട്രീയ ഗൂഢാലോചന: കോൺഗ്രസ്
ജില്ലാ സ്കൂൾ കലോത്സവ സ്വാഗതസംഘം യോഗം അലങ്കോലപ്പെട്ടതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് എം.എൽ.എക്കും നഗരസഭ ചെയർപേഴ്സനും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചന ഇതിനുപിന്നിലുണ്ടെന്നും എം.എൽ.എ ഇറങ്ങിപ്പോയത് ഇതിന് ഉദാഹരണമാണ്.
നഗരസഭ ചെയർപേഴ്സന്റെ പ്രസംഗവും അതിനെ ഖണ്ഡിച്ചുകൊണ്ടുള്ള എം.എൽ.എയുടെ മറുപടി പ്രസംഗവും ഒക്കെ കലോത്സവ നടത്തിപ്പിന്റെ സംഘാടകസമിതി രൂപീകരണത്തിനപ്പുറം ഇവർ തമ്മിലുള്ള ചേരിപ്പോരാണ് പുറത്തുകൊണ്ടുവരുന്നതെന്നും അവർ പറഞ്ഞു.