
മാവേലിക്കര: ജില്ലാ ആശുപത്രിയിലെ പുതിയകെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ മെല്ലെപോക്കിന് ആരോഗ്യവകുപ്പിന്റെ അന്ത്യശാസന. 2021ൽ തുടങ്ങിയ ജില്ലാ ആശുപത്രിയിലെ 7 നില മന്ദിരത്തിന്റെ നിർമ്മാണം ഉടൻ തീർക്കാനാണ് നിർദ്ദേശം . 2023 ഫെബ്രുവരി 1ന് പണി പൂർത്തീകരിക്കുമെന്നായിരുന്നു കരാർ. എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു നിലയുടെ നിർമ്മാണം മാത്രമാണ് നടന്നത്. പിന്നീട് 2023 ഒക്ടോബർ വരെയും 2024 ഒക്ടോബർ വരെയും കാലാവധി നീട്ടിക്കൊടുത്തിട്ടും നിർമ്മാണം പൂർത്തിയായിട്ടില്ല.കിഫ്ബിയുടെ 120 കോടി മുടക്കി 400 കിടക്കകളുള്ള കെട്ടിടത്തിന്റെ നിർമ്മാണ നിർവ്വഹണ ഏജൻസി ഇൻകലാണ്. നിർമ്മാണ കരാർ എടുത്ത കമ്പനിയാണ് നിർമ്മാണം നീട്ടിക്കൊണ്ട് പോകുന്നത്. ഇപ്പോൾ 2025 ജനുവരി 31 നകം നിർമ്മാണം പൂർത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ ഉത്തരവ് . നിലവിൽ 140 കിടക്കകൾ മാത്രമാണ് ഇവിടെയുള്ളത്. പുതിയ കെട്ടിടം നിർമ്മിക്കാൻ നിലവിലുണ്ടായിരുന്ന വിവധ കെട്ടിടങ്ങൾ പോളിച്ചതോടെ ഇവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന യൂണിറ്റുകൾ അവശേഷിക്കുന്ന കെട്ടിടങ്ങളിലേക്ക് മാറ്റി. ഇതിന് പിന്നാലെ അപകടാവസ്ഥയിലായ സർജ്ജിക്കൽ വാർഡ് അടച്ചുപൂട്ടുകയും ചെയ്തതോടെ 347 കിടക്കകൾ ഉണ്ടായിരുന്നത് 140 ആയി കുറയുകയായിരുന്നു.
............
മന്ത്രി പറഞ്ഞിട്ടും പണി തീർന്നില്ല
കഴിഞ്ഞ വർഷം ഒക്ടോബറിൽ മന്ത്രി വീണാജോർജ് കെട്ടിടത്തിന്റെ നിർമ്മാണം വിലയിരുത്താൻ ആശുപത്രിയിൽ എത്തിയിരുന്നു. നിർമ്മാണം നീണ്ടുപോകുന്നു എന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ സന്ദർശനം. അന്ന് ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചിരുന്നു. അത് പ്രകാരം കഴിഞ്ഞ മാസം പണി പൂർത്തിയാകേണ്ടതാണ്. എന്നാൽ ഇപ്പോഴും വാർപ് കഴിഞ്ഞ അവസ്ഥയിലാണ് കെട്ടിടം.
മന്ത്രിയുടെ നിർദ്ദേശവും കാറ്റിൽ പറത്തിയതോടെയാണ് ആരോഗ്യവകുപ്പിന്റെ ഇടപെടൽ. നിർമ്മാണം വൈകിയതിന് കരാർ കമ്പനിയിൽ നിന്ന് പിഴ ഈടാക്കി. മൂന്ന് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കണമെന്ന് നിർദ്ദേശവും നൽകി. ഇതിന് പിന്നാലെ യുദ്ധകാലാടിസ്ഥാനത്തിൽ പണി ആരംഭിച്ചു. നൂറോളം തൊഴിലാളികളാണ് രാവും പകലും ഇവിടെ ജോലി ചെയ്യുന്നത്.
.......
# പുതിയ കെട്ടിടം
കിഫ്ബി ഫണ്ട്: 120 കോടി
നില:7
കിടക്കകൾ: 400