
ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാഉദ്യോഗസ്ഥർ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗം ഉത്തരവിട്ടു. സംഭവത്തിൽ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസ് തള്ളണമെന്ന ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോർട്ട് തിരിച്ചയച്ചു. ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് എന്നിവർ പ്രതികളായ കേസിലാണ് തുടരന്വേഷണം. മർദ്ദനത്തിന് തെളിവില്ലെന്ന് കാട്ടി ജില്ലാ ക്രൈംബ്രാഞ്ച് ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതിനെതിരെ യൂത്ത് കോൺഗ്രസ് സമർപ്പിച്ച തടസ ഹർജിയിലെ വാദങ്ങളും തെളിവുകളും അംഗീകരിച്ചാണ് തുടരന്വേഷണനിർദ്ദേശം. ലൈവ് വീഡിയോയുൾപ്പെടെ ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകളിലും സമൂഹ്യമാദ്ധ്യമങ്ങളിലും വൈറലായിട്ടും മർദ്ദിക്കുന്ന ദൃശ്യങ്ങൾ ലഭ്യമല്ലെന്ന വിചിത്രമായ നിലപാടാണ് ക്രൈംബ്രാഞ്ച് സ്വീകരിച്ചത്. മാദ്ധ്യമങ്ങളോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും കിട്ടിയവയിൽ മർദ്ദനമില്ലെന്നും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഡിസംബർ 15ന് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കടന്നു പോകുമ്പോൾ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലായിരുന്നു പ്രതിഷേധവും മർദ്ദനവും. യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസിനും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനും തലയ്ക്കും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റിരുന്നു. പരാതിക്കാർക്കുവേണ്ടി അഡ്വ. പി. റോയി കോടതിയിൽ ഹാജരായി.
സ്വാധീനത്തിന് വഴങ്ങിയെന്ന
വാദവും കോടതി പരിഗണച്ചു
1.രാഷ്ട്രീയ ഭരണസ്വാധീനത്തിന് വഴങ്ങിയുള്ള ക്രൈംബ്രാഞ്ച് റിപ്പോർട്ട് നിയമവശാലോ കാര്യവശാലോ നിലനിൽക്കില്ല എന്നതടക്കമുള്ള വാദങ്ങളാണ് കോടതി കണക്കിലെടുത്തത്.
2.മുഖ്യമന്ത്രി യാത്രചെയ്തുവന്ന വാഹനത്തിന് നേരെ മുദ്രാവാക്യം വിളിച്ചെന്നതും പ്രതികൾ നിറവേറ്റിയത് ഔദ്യോഗിക കൃത്യനിർവഹണമായതിനാൽ കേരള പൊലീസ് ആക്ട് 113(1) പ്രകാരമുള്ള സംരക്ഷണത്തിന് യോഗ്യരെന്നുമുള്ള പരാമർശങ്ങൾ സത്യവിരുദ്ധം.
3. ദൃശ്യങ്ങൾ വൈറലായിട്ടും സംഭവം വസ്തുതാവിരുദ്ധമെന്ന കണ്ടെത്തൽ ദൃശ്യങ്ങൾ കണ്ട സമൂഹത്തെ വിഡ്ഢികളാക്കുന്നതാണ്.
4. പെൻഡ്രൈവിൽ ഹാജരാക്കിയ ദൃശ്യങ്ങളെ അവഗണിച്ച അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലത്തെ കാമറകളിൽ നിന്ന് സ്വീകരിക്കാമെന്ന് പറഞ്ഞ് പരാതിക്കാരെ ഒഴിവാക്കി.
5. മാദ്ധ്യമ പ്രവർത്തകനിൽ നിന്ന് സ്വീകരിക്കാതെ തെളിവ് കൈമാറാൻ തയ്യാറായില്ലെന്ന പരാമർശം കളവ്.
6. കോടതിയിൽ ഹാജരാക്കിയ ഫോട്ടോ, വീഡിയോ തെളിവുകളിൽ മുഖ്യമന്ത്രിയുടെ ജീവന് ആപത്ത് വരത്തക്കയാതൊന്നുമുണ്ടായില്ലെന്നും മുഖ്യമന്ത്രി ഇരുന്ന ഭാഗത്ത് ബസിൽ അടിച്ചുവെന്നത് കള്ളമെന്ന് വ്യക്തം.
7.മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയശേഷം മുദ്രാവാക്യം വിളിച്ചതിന് ലോക്കൽ പൊലീസ് ബന്തവസിലെടുത്തശേഷമായിരുന്നു മർദ്ദനം.
8. മരണം സംഭവിക്കാൻ സാദ്ധ്യതയുണ്ടായിട്ടും തലയ്ക്കടിച്ചു.