ആലപ്പുഴ: ജില്ലയിലെ നിരത്തുകളിൽ ഓടിത്തളർന്ന 108ആംബുലൻസുകളുടെ ശവപ്പറമ്പായി മാറി ആലപ്പുഴ ജനറൽ ആശുപത്രി വളപ്പ്. മോർച്ചറിക്ക് സമീപം 19 ആംബുലൻസുകളാണ് കുറ്റിക്കാടുകളിൽ കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നത്. ഇവ ലേലം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അനുമതി ലഭിക്കാത്തതാണ് തടസം.

അനുമതി തേടി റിപ്പോർട്ട് സമർപ്പിച്ചിട്ട് മൂന്ന് വർഷം പിന്നിട്ടു. തകരാറായി ഉപേക്ഷിക്കപ്പെട്ടവയ്ക്ക് പകരം ആംബുലൻസുകൾ ജില്ലയ്ക്ക് സർക്കാർ അനുവദിച്ചിരുന്നു.പഴയ ആംബുലൻസുകൾ സർക്കാർ ആശുപത്രികൾക്ക് കൈമാറുമെന്ന് പറഞ്ഞെങ്കിലും അത് നടപ്പായില്ല. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് നാഷണൽ ഹെൽത്ത് മിഷനാണ് 108 ആംബുലൻസുകളുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട ഈ ആംബുലൻസുകളിൽ കൊവിഡ് സമയത്ത് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ച് സർവീസ് നടത്തിയിരുന്നു.

ലേലം ചെയ്താൽ വകുപ്പിന് വരുമാനം

 ഓരോ ആംബുലൻസും ശരാശരി അഞ്ച് ലക്ഷം കിലോമീറ്റർ ഓടിയവയാണ്

 ഇവ അത്യാവശ്യ സേവനത്തിന് ഉപയോഗിക്കാനാകില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ

 കട്ടപ്പുറത്തിരിക്കുന്ന ഈ ആംബുലൻസുകൾ ലേലം ചെയ്താൽ വകുപ്പിന് വരുമാനം ലഭിക്കും

'ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അനുമതി ലഭിക്കുന്ന മുറയ്ക്കേ ലേലനടപടികൾ നടത്താനാകൂ. ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.

- ഡി.എം.ഒ, ഓഫീസ്, ആലപ്പുഴ

"ഉപയോഗ ശൂന്യമായ ആംബുലൻസുകൾ അടിയന്തരമായി ലേലം ചെയ്യണം. സർക്കാരിന് ലക്ഷങ്ങളുടെ വരുമാനം ലഭിക്കുന്നതിനൊപ്പം ആശുപത്രി വളപ്പ് വൃത്തിയായി കിടക്കുകയും ചെയ്യും.

- ബേബി പാറക്കാടൻ, ചെയർമാൻ, ഗാന്ധിയൻ ദർശനവേദി