photo

ആലപ്പുഴ: ജീവൻ കൈയിലെടുത്തുവേണം ഹരിപ്പാട്ടെ ക്വാർട്ടേഴ്സുകളിൽ പൊലീസ് കുടുംബങ്ങൾക്ക് അന്തിയുറങ്ങാൻ. പഴക്കം ചെന്ന കെട്ടിടങ്ങൾ ഏതുനിമിഷവും പൊളിഞ്ഞു വീഴാം. മഴയത്ത് ചോ‌ർന്നൊലിക്കുന്ന കെട്ടിടത്തിന്റെ ചുവരുകൾ കൂടി കുതിർന്നതോടെ പഴക്കമേറിയ ഇലക്ട്രിക് വയറിംഗിൽ നിന്നുള്ള ഷോക്ക് ഇവിടെ പതിവാണ്.

രണ്ട് മുറിയും വരാന്തയും അടുക്കളയും ഉൾപ്പെടുന്ന 25 ക്വാർട്ടേഴ്സുകളാണുള്ളത്. കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്താൻ കഴിയാത്തതിനാൽ അപകടാവസ്ഥയിലായ ക്വാർട്ടേഴ്സുകളിൽ നിന്ന് ഇതിനകം പലരും ജീവനുംകൊണ്ട് സ്ഥലം വിട്ടുകഴിഞ്ഞു. ശേഷിക്കുന്നവരാകട്ടെ,​ സുരക്ഷിതമായൊരു സ്ഥലത്തേയ്ക്ക് മാറിത്താമസിക്കാനുള്ള ഒരുക്കത്തിലുമാണ്.

രമേശ് ചെന്നിത്തല ആഭ്യന്തമന്ത്രിയായിരുന്നപ്പോൾ ക്വാർട്ടേഴ്സുകളുടെ നവീകരണത്തിന് പദ്ധതിയിട്ടു. ആദ്യഘട്ടത്തിൽ രണ്ട് നിലകളിലായി അഞ്ചു ഫ്ളാറ്റുകൾ നിർമ്മിച്ചെങ്കിലും മാറിവന്ന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികാരണം പദ്ധതി മുന്നോട്ടുപോയില്ല. ഇതോടെ പലരും താമസം മാറി. ഇപ്പോൾ ക്വാർട്ടേഴ്സും പരിസരവും കാടുപിടിച്ച് കിടക്കുകയാണ്. തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യവും രൂക്ഷമാണ്.

സി.ഐയുടെ പഴയക്വാർട്ടേഴ്സ് ചോർന്നൊലിക്കുന്നതിനാൽ പ്‌ളാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചിരിക്കുകയാണ്.

സ്ഥലപരിമിതി വെല്ലുവിളി

രാജഭരണകാലത്തെ കെട്ടിടത്തിലാണ് ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് സി.ഐ ഓഫീസായി.1990ൽ പൊലീസ് സ്റ്റേഷനും 2000ൽ സി.ഐ ഓഫീസിനും പുതിയ കെട്ടിടം നിർമ്മിച്ചതോടെ പഴയ കെട്ടിടം ജീവനക്കാരുടെ വിശ്രമത്തിനായി മാറ്റി. മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങിയതോടെ ടിൻഷീറ്റ് ഇട്ടിരിക്കുകയാണ്. കോടതിയും റവന്യൂ ടവറും സ്റ്റേഷനോട് ചേർന്നായതിനാൽ അപകടത്തിൽ പ്പെടുന്ന വാഹനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലപരിമിതിയും വെല്ലുവിളിയാണ്.

സ്വപ്നമായി സബ് ഡിവിഷൻ

രമേശ് ചെന്നിത്തല മുൻകൈയെടുത്ത് ഹരിപ്പാട് കേന്ദ്രമായി ഒരു സബ് ഡിവിഷൻ (ഡിവൈ എസ്.പി ഓഫീസ്) രൂപീകരിക്കാൻ ശ്രമം നടത്തിയെങ്കിലും ഇപ്പോഴും ഹരിപ്പാടുകാരുടെ സ്വപ്നമായി അവശേഷിക്കുന്നു. ഹരിപ്പാട്, തൃക്കുന്നപ്പുഴ, കരിയിലക്കുളങ്ങര, വീയപുരം, മാന്നാർ സ്റ്റേഷനുകൾ ഉൾപ്പെടുത്തിയാണ് സബ്ഡിവിഷൻ രൂപീകരിക്കാൻ ആലോചിച്ചത്. ഇപ്പോൾ കായംകുളം സബ്ഡിവിഷന്റെ പരിധിയിലാണ് ഹരിപ്പാട് സ്റ്റേഷൻ.

ക്വാർട്ടേഴ്സുകൾ

ആകെ : 25

നവീകരിച്ചത്: 5 (ഫ്ളാറ്റ്)

പൊലീസ് സ്റ്റേഷൻ

കേസുകൾ

വർഷത്തിൽ :1300

ജീവനക്കാർ: 52

പരിധി

ഹരിപ്പാട് നഗരസഭ, കുമാരപുരം, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളും കാർത്തികപ്പള്ളിയുടെ ഭാഗവും