gh

ആലപ്പുഴ: കേരള സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കുമെന്ന് സംഘാടകസമിതി ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാൻ അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു രാവിലെ 9ന് പതാക ഉയർത്തും. വൈകിട്ട് 4ന് മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ് എന്നിവർ വിശിഷ്ടാതിഥികളാകും.

14ന് ശതാബ്ദി മന്ദിരത്തിൽ നിന്ന് ഉച്ചകഴിഞ്ഞ് 3ന് സജി ചെറിയാൻ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വിളംബര ഘോഷയാത്ര പ്രധാന വേദിയായ സെന്റ് ജോസഫ്‌സ് സ്‌കൂളിൽ സമാപിക്കും. തുടർന്ന് സ്‌കൂൾ അങ്കണത്തിൽ മന്ത്രി വി.ശിവൻകുട്ടി മേളയ്ക്ക് തിരി തെളിക്കും. ലിയോതേർട്ടീന്ത് ഹൈസ്‌കൂൾ, ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് ജോസഫ് ഹൈസ്‌കൂൾ, എസ്.ഡി.വി.ബോയ്‌സ്, ഗേൾസ് എന്നിവിടങ്ങളിലാണ് വേദികൾ. 5,000 വിദ്യാർത്ഥികൾ പങ്കെടുക്കും. വി.എച്ച്.​എസ് ഇ എക്‌സ്‌പോയും നടക്കും.

16ന് രാവിലെ 10ന് ഐ.എസ്. ആർ.ഒ ചെയർമാൻ ഡോ.എസ്. സോമനാഥ്, വൈകിട്ട് 3ന് ഇന്ത്യാ മിസൈൽ വുമൺ ഡോ.ടെസി തോമസ് തുടങ്ങിയവർ വിദ്യാർത്ഥികളുമായി ശാസ്ത്രസംവാദം നടത്തും. 17ന് രാവിലെ 10ന് ഗഗൻയാൻ പ്രോജക്ട് ഡയറക്ടർ ഡോ.എം.മോഹനൻ, ഉച്ചയ്ക്ക് 2ന് ടെക്ജെന്‍ഷ്യ സി.ഇ.ഒ ജോയി സെബാസ്റ്റ്യൻ എന്നിവർ വിദ്യാർത്ഥികളോട് സംവദിക്കും.18ന് വൈകിട്ട് 4ന് മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷതവഹിക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.