sreya

ആലപ്പുഴ: സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗത്തിൽ പെൺകുട്ടികളിലെ വേഗതാരമായ ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലെ ആർ.ശ്രേയ പിന്തുടരുന്നത് അച്ഛൻ ശ്യാം ലാലിന്റെ പാത. പറവൂർ ജി.എച്ച്.എസ്.എസിലെ അദ്ധ്യാപകനായ കെ.ശ്യാംലാൽ സ്കൂൾ തലത്തിൽ ഓട്ടമത്സരങ്ങളിലെ താരമായിരുന്നു. പിന്നീട് മോഹം കഥകളിയിലേക്ക് കുടിയേറി. അതേ പാതയിൽ കായിക പരിശീലനത്തിനൊപ്പം കഴിഞ്ഞ എട്ട് വർഷങ്ങളായി കഥകളി പരിശീലനവും ഒപ്പം കൊണ്ടുപോവുകയാണ് ശ്രേയ. ശനിയും ഞായറും കലാമണ്ഡലം രമേശന്റെ കളർകോട് നാട്യകലയിലാണ് പരിശീലനം. കളർകോട് മഹാദേവ ക്ഷേത്രത്തിലെ ദീപാവലി മഹോത്സവത്തോടബന്ധിച്ച് കൃഷ്ണവേഷമാണ് ഒടുവിൽ കെട്ടിയാടിയത്. ചേച്ചി ദുർഗയ്ക്ക് കായിക രംഗത്തോട് താൽപര്യമില്ല. ഓട്ടൻതുള്ളലിലും ഭരതനാട്യത്തിലും റവന്യു ജില്ലാ തലത്തിൽ പോരാടാനുള്ള പരിശീലനത്തിലാണ് ദുർഗ. എല്ലാവരുടെയും കലാ - കായിക മുന്നേറ്റത്തിന് പിന്തുണയായി അമ്മ ഗവ.മോഡൽ സ്കൂൾ അദ്ധ്യാപിക എ.രശ്മി ഒപ്പമുണ്ട്.