cable

ആലപ്പുഴ: മൂടിയില്ലാത്തതും സ്ളാബും തകർന്ന ഓടകളും നഗരത്തെ ചുറ്റിവരിഞ്ഞ കേബിളുകളും യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഇന്ദിരാ ജംഗ്ഷനിൽ കഴിഞ്ഞദിവസം യാത്രക്കാരി ഓടയിൽ വീഴുകയും നഗരത്തിൽ മറ്റൊരു യാത്രക്കാരിയുടെ കഴുത്തിൽ കേബിൾ കുരുങ്ങുകയും ചെയ്തെങ്കിലും ജനങ്ങളുടെ ജീവൻ അപഹരിക്കുന്ന വിപത്തുകൾ പരിഹരിക്കാൻ നടപടിയില്ല.

വ്യാഴാഴ്ച സംസ്ഥാന ശാസ്ത്രോത്സവം നടക്കാനിരിക്കെ നഗരവുമായി പൂർവപരിചയമില്ലാത്ത ആയിരക്കണക്കിന് വിദ്യാർത്ഥികളും അദ്ധ്യാപകരുമെത്തിച്ചേരുന്ന നഗരത്തിൽ നാലുപാടും അപകടങ്ങൾ പതിയിരിക്കുകയാണ്. നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും ജംഗ്ഷനുകളിലുമെല്ലാംപോസ്റ്റിലും നിലത്തുമായി കേബിളുകൾ ചുറ്റിക്കെട്ടിയിരിക്കുന്നത്. ഇതിൽ പലതും കെട്ടഴിഞ്ഞ് നിലത്തും റോഡിലും കാൽനടക്കാരുടെ കാലിലും വാഹനങ്ങളിലും കുരുങ്ങി അപകടങ്ങളുണ്ടാക്കും വിധത്തിലാണ് കിടപ്പ്. അനധികൃതമായ കേബിളുകൾ നീക്കം ചെയ്യാനായി കെ.എസ്.ഇ.ബി പലതവണ കേബിളുകാർക്ക് നോട്ടീസ് നൽകുകയും കേബിളുകൾ തിരിച്ചറിയാൻ ടാഗ് ചെയ്യാൻ നിർദേശിക്കുകയും ചെയ്തെങ്കിലും യാതൊന്നുമുണ്ടായില്ല. കേബിളുകൾ ജനങ്ങൾക്ക് ഭീഷണിയായിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാൻ പൊലീസോ തദ്ദേശ സ്ഥാപനങ്ങളോ തയ്യാറല്ല. നഗരത്തിൽ പൊതുമരാമത്തിന്റെയും നഗരസഭയുടെയും ഓടകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പല ഓടകളും മലിനജലം കെട്ടികിടക്കുകയാണ്. മിക്കയിടത്തും സ്ളാബുകൾ ഇല്ല .ഗതാഗത പരിഷ്കരണം നടപ്പാക്കുന്ന കോടതിപ്പാലം റോഡിൽ മൃഗാശുപത്രിയ്ക്ക് സമീപത്തെ ചേ‌ർത്തല ഭാഗത്തേക്കുള്ള ബസ് സ്റ്രോപ്പിൽ ദിവസങ്ങളായി കേബിൾ പൊട്ടി യാത്രക്കാരുടെ കഴുത്തിൽ കുരുങ്ങാൻ പാകത്തിൽ കിടക്കുകയാണ്. ഇവിടെ ഓടയുടെ സ്ളാബിലും വിടവുണ്ട്. സ്ളാബിലെ വിടവിൽ കാൽ കുടുങ്ങാതിരിക്കാൻ നേരെ നോക്കി നടന്നാൽ കേബിൾ കഴുത്തിൽ കുരുങ്ങും.