itiminnaletta-tv

ബുധനൂർ: ശക്തമായ ഇടിമിന്നലേറ്റ് അഞ്ചോളം വീടുകൾക്കും ക്ഷേത്രത്തിനും നിരവധി വൈദ്യുതോപകരണങ്ങൾക്കും നാശം സംഭവിച്ചു. കഴിഞ്ഞ ദിവസം മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ ബുധനൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം വടക്ക് മലമേൽ സുനിൽകുമാർ.പി, സഹോദരൻ അജികുമാർ.പി, മലമേൽ ശശി, റിജോ ഭവനിൽ സാബു, അമൽ വില്ലയിൽ അമ്പിളി എന്നിവരുടെ വീടുകൾക്കും വൈദ്യുതോപകരണങ്ങൾക്കുമാണ് നാശനഷ്ടം സംഭവിച്ചത്. സുനിൽകുമാറിന്റെ വീട്ടിലെ 45 ഇഞ്ച് എൽ.ഇ.ഡി ടി.വിയും സ്വിച്ച് ബോർഡും പൂർണ്ണമായും കത്തി നശിച്ചു. കേബിൾ കണക്ഷന്റെ സെറ്റപ്പ് ബോക്സ്, ഡി.വി.ഡി പ്ലെയർ, രണ്ട് ടോർച്ചുകൾ എന്നിവയും നശിച്ചു. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ പുക ഉയരുന്നത് കണ്ട സമീപവാസികൾ ഓടിയെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തൊട്ടടുത്ത് സുനിലിന്റെ സഹോദരൻ അജികുമാറിന്റെ ഒരുവർഷം മാത്രമായ പുതിയ വീടിന്റെ അടിത്തറയുടെ ഭാഗം പൊട്ടിത്തകർന്ന നിലയിലാണ്. അഞ്ചോളം ഫാനുകൾ, ഫ്രിഡ്ജ്, ലൈറ്റുകൾ തുടങ്ങിയ ഉപകരണങ്ങളും നശിച്ചു. സമീപത്തുള്ള മലമേൽ കുടുംബ ക്ഷേത്രത്തിന്റെ വൈദ്യുത മീറ്റർ ബോക്‌സും കത്തി നശിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി നടപടികൾ സ്വീകരിച്ചു.