tur

തുറവൂർ: പാചകവാതക സിലിണ്ടർ ലോഡുമായി പോയ ലോറിയിൽ സഞ്ചരിച്ച ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരൻ അതേ ലോറിക്കടിയിൽപ്പെട്ട് മരിച്ചു. തുറവൂർ വളമംഗലം തെക്ക് സജി നിവാസ് (മേനോംവീട് ) പരേതനായ വാസുദേവൻ പിള്ളയുടെ മകൻ എസ്.വി.രജിത്ത് കുമാർ (46) ആണ് മരിച്ചത്. ബിവറേജസ് കോർപ്പറേഷന്റെ തൃപ്പൂണിത്തുറ പേട്ടയിലെ വെയർഹൗസ് ജീവനക്കാരനാണ്. ദേശീയപാതയിൽ തുറവൂർ പുത്തൻചന്ത എച്ച്.പി പമ്പിന് സമീപം വെള്ളിയാഴ്ച രാത്രി 8.15 ന് ആയിരുന്നു അപകടം. തൃപ്പൂണിത്തുറയിലെ ജോലി കഴിഞ്ഞ് ലോറിയിൽ കയറി വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. പുത്തൻ ചന്തയിലെത്തിയ ലോറിയിൽ നിന്ന് താഴെ ഇറങ്ങി നടക്കാൻ ശ്രമിക്കുന്നതിനിടെ കാൽ തെറ്റി രജിത്കുമാർ ലോറി ക്കടിയിലേക്ക് വീഴുകയായിരുന്നുവെന്ന് കുത്തിയതോട് പൊലീസ് പറഞ്ഞു. കൂരിരുട്ട് നിറഞ്ഞ റോഡിൽ രജിത് കുമാർ വീണതറിയാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തപ്പോൾ പിൻചക്രം രജിത്ത് കുമാറിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി തത്ക്ഷണം മരിച്ചു.പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഭാര്യ:ദീപ്തി. മക്കൾ:നിത്യ രജിത്ത്, നന്ദന രജിത്ത്.