ആലപ്പുഴ : ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ പരാതിയെ തുടർന്ന് സി.പി.എം- സി.പി.ഐ പോര് മുറുകിയ ആലപ്പുഴ നഗരസഭയിൽ നഗരസഭാ കൗൺസിൽ കൂടിയിട്ട് മാസങ്ങളായി. സാമ്പത്തിക വർഷം അവസാനിക്കാൻ നാല് മാസം മാത്രം ശേഷിക്കെ ജില്ലാ വികസന സമിതി അംഗീകരിച്ച പദ്ധതിപ്രവർത്തനങ്ങൾ കൗൺസിലിന്റെ അനുമതിയില്ലാതെ ആരംഭിക്കാനാകില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം ശേഷിക്കെ വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് തടസപ്പെട്ടിരിക്കുന്നത്. സാധാരണ ജൂൺ മാസത്തിലാണ് പദ്ധതികൾ ഡി.പി.സി അംഗീകാരത്തിനായി സമർപ്പിക്കാറുള്ളത്. എന്നാൽ ഇത്തവണ സെപ്തംബറിലാണ് പദ്ധതി ഡി.പി.സി അംഗീകാരത്തിനായി സമർപ്പിച്ചത്.റോഡുകളുടെ വികസനമുൾപ്പെടെ വാർഡ് തലത്തിൽ നടപ്പാക്കേണ്ട പദ്ധതികൾ വൈകുന്നത് ഫണ്ട് നഷ്ടമാകാൻ ഇടയാക്കും .വനിതാ ഡോക്ടറുടെ കേസിൽ സി.പി.ഐ- സി.പി.എം അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ കൗൺസിലിലും ഭരണ കക്ഷി അംഗങ്ങളുടെ ഐക്യത്തെ ഇത് ബാധിക്കുമെന്നുറപ്പാണ്. പാർട്ടി സമ്മേളനങ്ങളിൽ രൂക്ഷവിമർശനം നേരിട്ട സി.പി.ഐ കഴിഞ്ഞദിവസം നഗരത്തിൽ പ്രതിഷേധയോഗം ചേരുക കൂടി ചെയ്തതോടെ കാര്യങ്ങൾ സങ്കീർണമായിട്ടുണ്ട്. ചൊവ്വാഴ്ച ചേരുന്ന ആശുപത്രി മാനേജിംഗ് കമ്മിറ്റിയോഗത്തിലും വൈസ് ചെയർമാനെ കേസിൽ പ്രതിയാക്കിയതിന്റെ പ്രതികരണങ്ങൾക്ക് സാദ്ധ്യതയുണ്ട്. അടുത്തമാസം ആരംഭിക്കേണ്ട നഗരത്തിലെ പ്രധാന ഉത്സവമായ മുല്ലയ്ക്കൽ ചിറപ്പിനുള്ള തറലേലത്തിന്റെ സമയമായിട്ടും ലേല നടപടികളോ ക്രമീകരണങ്ങളുടെ കാര്യത്തിലോ തീരുമാനമായിട്ടില്ല.

........

# എ.ഇമാരില്ല

വാർഡ് തലത്തിൽ റോഡ് പണികൾക്കായി എസ്റ്റിമേറ്ര് തയ്യാറാക്കാനും വർക്ക് ടെൻഡർചെയ്യാനും എ.ഇമാരില്ല. നാല് എ.ഇ മാർ വേണ്ട നഗരസഭയിൽ നിലവിലുണ്ടായിരുന്ന മൂന്നുപേരെയും സ്ഥലം മാറ്റിയെങ്കിലും രണ്ടുപേർക്ക് പകരം നിയമനമായില്ല. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സെക്രട്ടറി രണ്ടാഴ്ച അവധിയിലുമാണ്.

..............................

''കൗൺസിൽ ഉടൻ ചേരും. മുന്നണി ബന്ധങ്ങളെയും നഗരവികസനത്തെയും ബാധിക്കുന്ന പ്രശ്നങ്ങളൊന്നും തന്നെയില്ല. മുല്ലയ്ക്കൽ ചിറപ്പും പദ്ധതി നടത്തിപ്പുമുൾപ്പെടെയുളള വിഷയങ്ങളിൽ ഉടൻ തീരുമാനമുണ്ടാകും

- കെ.കെ. ജയമ്മ, ചെയർപെഴ്സൺ, ആലപ്പുഴ നഗരസഭ