ആലപ്പുഴ: കാലാവസ്ഥ വ്യതിയാനത്തെത്തുടർന്ന് വേമ്പനാട് കായലിന്റെ സ്വഭാവം മാറിയത് ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയാകുന്നു. ആറ്റുകൊഞ്ചിന്റെ ലഭ്യതക്കുറവും അമേരിക്കയുടെ കയറ്റുമതി നിരോധനവും കൂടിയായപ്പോൾ ജീവിതം ദുരിതമായി. ശുദ്ധജലം വർദ്ധിച്ചതോടെ ഉപ്പുരസത്തിന്റെ അളവ് കുറഞ്ഞതും മഴ കൂടിയതും തണ്ണീർമുക്കം ബണ്ട് കൃത്യമായി തുറക്കാത്തതുമാണ് ആറ്റുകൊഞ്ചിന്റെ പ്രജനനത്തിന് തടസമായത്. ആറുവർഷത്തിന് മുമ്പ് ലഭിച്ചിരുന്ന കൊഞ്ചിന്റെ അഞ്ചു ശതമാനം പോലും ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കയറ്റുമതി നിരോധനം തുടരുന്നതിനാൽ ന്യായമായ വിലയും ലഭിക്കുന്നില്ല. മുഹമ്മ, കൈനകരി, തണ്ണീർമുക്കം, സി ബ്‌ളോക്ക്, കുപ്പപ്പുറം, മാർത്താണ്ഡം പ്രദേശങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളാണ് ഇതോടെ പ്രതിസന്ധിയിലായത്.

മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി

1.അടിഞ്ഞുകൂടിയ എക്കലും മണലും കാരണം പലയിടത്തും കായലിന്റെ ആഴം കുറഞ്ഞത് കൊഞ്ചിന്റെയും മറ്റ് മത്സ്യങ്ങളുടെയും പ്രജനനത്തിന് വിനയായതായി എ ട്രീ ഏജൻസി രണ്ടുമാസം മുമ്പ് വേമ്പനാട് കായലിൽ നടത്തിയ സർവേയിൽ പറയുന്നു

2.ആറ്റുകൊഞ്ച് ശുദ്ധജലത്തിലാണ് വളരുന്നതെങ്കിലും പ്രജനന കാലത്ത് ഓരുജലത്തിലെത്തി മുട്ടയിടും.ഇവ വിരിയുന്നതിന് ശുദ്ധജലത്തിൽ ഉപ്പിന്റെ സാന്ദ്രത 15ശതമാനം ആവശ്യമാണ്

3.വല വീശയും കമ്പി ഉപയോഗിച്ച് കുത്തിയുമാണ് ആറ്റുകൊഞ്ച് പിടിക്കുന്നത്. വലയിൽ പിടിക്കുന്ന കൊഞ്ചിന് കിലോയ്ക്ക് 600 മുതൽ 850 രൂപ വരെ ലഭിക്കുമ്പോൾ കുത്തുകൊഞ്ചിന് 350 മുതൽ 400 വരെയാണ് വില. 20മുതൽ 35ശതമാനം വരെ ഇപ്പോൾ വിലയിൽ കുറവുണ്ടായി

ഗുണത്തിൽ ഉറപ്പില്ല

ആറ്റുകൊഞ്ചിന്റെ കുറവ് പരിഹരിക്കാൻ ഫിഷറീസ് വകുപ്പ് കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ട്. നാടൻ കൊഞ്ചിന്റെ ഹാച്ചറി സംസ്ഥാനത്ത് ഇല്ലാത്തതിനാൽ വിശാഖപട്ടണത്ത് നിന്നുള്ള കുഞ്ഞുങ്ങളെയാണ് കായലിൽ നിക്ഷേപിക്കുന്നത്. നാടൻ കൊഞ്ചും നിക്ഷേപിക്കുന്ന കൊഞ്ചും ചേർന്ന് പുതിയ ഇനം കുഞ്ഞുങ്ങളുണ്ടാകും. എന്നാൽ,​ പരമ്പരാഗത കൊഞ്ചിന്റെ ഗുണം ലഭിക്കുമെന്ന് ഉറപ്പില്ല.

ആറ്റുകൊഞ്ച്

തൂക്കം: 200 - 850 ഗ്രാം

ആറ്റുകൊഞ്ച് ലഭ്യതയിലുണ്ടായ കുറവും ചെമ്മീന്റെ കയറ്റുമതി നിരോധനവും കാരണം ദുരിതത്തിലായ ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് സഹായം നൽകണം. ഗുണനിലവാരമുള്ള നാടൻ ആറ്റുകൊഞ്ചിന്റെ കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിക്കണം.

- വിജയമോഹൻ, മത്സ്യത്തൊഴിലാളി