
ആലപ്പുഴ: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ കുറ്രവിമുക്തരാക്കി ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് നിർദേശിച്ചതോടെ പൊലീസ് വീണ്ടും പുലിവാല് പിടിച്ചു. തെളിവില്ലെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായ നടപടിയെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച റിപ്പോർട്ട് മടക്കിയ കോടതി, തെളിവായി പരിഗണിച്ച സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങളുൾപ്പെടെയുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയതോടെ തള്ളാനും കൊള്ളാനും വയ്യാതെ അവസ്ഥയിലാണ് അന്വേഷണ സംഘം.
ജില്ലാ ക്രൈംബ്രാഞ്ച് തന്നെ തുടരന്വേഷണം നടത്തണോ, പുതിയ സംഘത്തിന് കൈമാറണോയെന്ന കാര്യത്തിൽ ജില്ലാ പൊലീസ് മേധാവി തീരുമാനം കൈക്കൊണ്ടിട്ടില്ല.
നവകേരള സദസുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെയാണ് സുരക്ഷാഉദ്യോഗസ്ഥർ പൊലീസ് ബന്തവസിലിരിക്കെ ക്രൂരമായി മർദ്ദിച്ചത്.
അന്വേഷണം അനന്തമായി നീട്ടാനാകില്ല
1.സംഭവത്തിന്റെ ദൃശ്യങ്ങൾ മാദ്ധ്യമ പ്രവർത്തകർ പകർത്തുകയും അത് നാടാകെ കാണുകയും ചെയ്തിട്ടും മാദ്ധ്യമ പ്രവർത്തകരെ സാക്ഷിയാക്കാനോ ദൃശ്യങ്ങൾ പകർത്തിയ ഫോണോ,ക്യാമറകളോ കണ്ടെത്താനോ അന്വേഷണ സംഘം തയ്യാറായില്ല
2.മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പെൻഡ്രൈവിൽ പകർത്തി നൽകിയിട്ടും അന്വേഷണ ഉദ്യോഗസ്ഥൻ സ്വീകരിക്കാൻ തയ്യാറാകാതിരിക്കെ, ഈ ദൃശ്യങ്ങളാണ് പരാതിക്കാരുടെ അഭിഭാഷകൻ കോടതിക്ക് കൈമാറിയത്
3.പരിശോധിച്ച ക്യാമറ ദൃശ്യങ്ങളുൾപ്പെടെ പൊലീസിന് കോടതി കൈമാറിയതോടെ, പരാതിക്കാർ കോടതിയിൽ സമർപ്പിച്ച സാക്ഷിപ്പട്ടികയിലുള്ളവരുടെ മൊഴികളും അന്വേഷണ സംഘത്തിന് രേഖപ്പെടുത്തേണ്ടിവരും
4.കോടതി ഉത്തരവും തെളിവുകളും കോടതി പൊലീസിന് കൈമാറിയ സ്ഥിതിക്ക് തുടരന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനുമാകില്ല.
അന്വേഷണ സംഘത്തിന്റെ നിലപാട് അനുസരിച്ച് ഭാവി പരിപാടികൾ ആലോചിക്കാനാണ് കോൺഗ്രസ് നീക്കം