photo

ചേർത്തല: വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് താങ്ങായി യുവജന ഇലഞ്ഞാം കുളങ്ങര. സംഘടന ബിരിയാണ് ചലഞ്ച് നടത്തി ഒന്നര ലക്ഷം രൂപയാണ് സമാഹരിച്ച് കുടുംബത്തിന് കൈമാറിയത്. തണ്ണീർമുക്കം പഞ്ചായത്ത് 9-ാം വാർഡ് ഉള്ളാടശേരി ജിബു (45) കഴിഞ്ഞ സെപ്തംബർ 26ന് കോട്ടയം ഇടയാഴം കൊടുതുരുത്തിൽ വച്ച് ഉണ്ടായ അപകടത്തിലാണ് മരിച്ചത്. ഭാര്യ സുരമ്യക്കൊപ്പം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഓട്ടോറിക്ഷയിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം.നിയന്ത്രണം തെറ്റിയ ഓട്ടോ റിക്ഷ സമീപത്തെ പാടത്തേയ്ക്ക് മറിഞ്ഞ് ചെളിയിൽ താഴ്ന്ന് ഡ്രൈവറായ ജിബു മരിക്കുകയായിരുന്നു. നിർദ്ധന കുടുംബമായ ജിബുവിന്റെ കുടുംബത്തെ സഹായിക്കാനായി പ്രദേശത്തെ യുവജന ഇലഞ്ഞാം കുളങ്ങര ബിരിയാണി ചലഞ്ചിലൂടെ പണം സമാഹരിച്ചത്. ഞായറാഴ്ച രാവിലെ ഡോ.ദിലീപ്കുമാർ ശിവകൃപയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ജിബുവിന്റെ ഭാര്യക്ക് തുക കൈമാറി. സംഘടനയുടെ ഭാരവാഹികളായ വി.അരവിന്ദ്,കെ.എസ്.അക്ഷയ്,പോൾ മറ്റത്തിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.