geetha

മാന്നാർ: ഓർമ്മക്കുറവും മാനസികാസ്വാസ്ഥ്യവും മൂലം വഴി തെറ്റിയെത്തിയ വൃദ്ധയ്ക്ക് ഗ്രാമ പഞ്ചായത്തംഗം തുണയായി. ഇന്നലെ രാവിലെ ചെന്നിത്തല കിഴക്കേവഴി നാനാട്ട് പുഞ്ചപ്പള്ളിക്ക് സമീപം ഇടയ്ക്കേവീട്ടിൽ വത്സല രാവിലെ ഉണർന്നെണീറ്റപ്പോഴാണ് ഒരു പരിചയവുമില്ലാത്ത പ്രായമായ ഒരു സ്ത്രീ വീടിന്റെ വരാന്തയിൽ ഇരിക്കുന്നത് കണ്ടത്. വീട്ടുകാർ ഉടൻ തന്നെ വാർഡ് മെമ്പർ ചെന്നിത്തല- തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തംഗം ജി.ജയദേവിനെ വിവരം അറിയിച്ചു. ജയദേവ് സ്ഥലത്തെത്തി മാന്നാർ പൊലീസിനെ വിവരം അറിയിച്ചു. മാന്നാർ ഗ്രേഡ് എസ്.ഐ വി.ജി.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ഇവരോട് കാര്യങ്ങൾ തിരക്കിയെങ്കിലും, കാര്യമായ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. തുടർന്ന് വാർഡ് മെമ്പർ ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനുകുമാറിനെയും സാമൂഹ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം ധരിപ്പിക്കുകയായിരുന്നു. ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിൽ ഓലകെട്ടിയമ്പലം പള്ളിക്കൽ നടുവിലേമുറിയിൽ ആനന്ദ് പരമശിവത്തിന്റെ ഭാര്യ ഗീതയാണന്ന് മനസിലാക്കി. തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. ഭർത്താവ് ആനന്ദും ബന്ധുവുമെത്തി ഗ്രേഡ് എസ്.ഐ വി.ജി.ഗിരീഷ് കുമാർ, പഞ്ചായത്തംഗം ജി.ജയദേവ് എന്നിവരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ ഗീതയെ വീട്ടുകാർക്ക് കൈമാറി.