
ആലപ്പുഴ : പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തുന്ന പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുങ്ങുമ്പോൾ കർഷകരുടെ നെഞ്ചിടിപ്പ് വർദ്ധിക്കുന്നു. കുട്ടനാട്, അപ്പർ കുട്ടനാട് എന്നിവിടങ്ങളിൽ 620പാടശേഖരങ്ങളിൽ പുഞ്ചകൃഷി ഇറക്കാനുള്ള ജോലികൾ പുരോഗമിക്കുമ്പോഴും പല പാടശേഖരങ്ങളിലും പുറംബണ്ട് ബലപ്പെടുത്താൻ കൃഷി വകുപ്പിന് കഴിഞ്ഞിട്ടില്ല.
തിരഞ്ഞെടുക്കപ്പെട്ട പാടശേഖരങ്ങളിലെ പുറംബണ്ട് ബലപ്പെടുത്തുന്നതിനുള്ള എസ്റ്റിമേറ്റ് എടുക്കാൻ കൃഷിഭവനുകളോട് നിർദ്ദേച്ചിട്ടുണ്ട്. ഉപ്പുവെള്ളത്തിൽ നിന്നും പ്രളയജലത്തിൽ നിന്നും കുട്ടനാട് അപ്പർകുട്ടനാട്ടിൽ 32,700ഹെക്ടർ കൃഷിഭൂമിയെ സംരക്ഷിക്കാൻ പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തണമെന്നാണ് സ്വാമിനാഥൻ കമ്മിഷന്റെ ശുപാർശ. ഒന്നും രണ്ടും കുട്ടനാട് പാക്കേജിൽ മതിയായ ഫണ്ട് ഉൾപ്പെടുത്തിയെങ്കിലും പ്രായോഗിക തലത്തിൽ എത്തിക്കുന്നതിന് കൃഷിവകുപ്പും ജലസേചന വകുപ്പും പരാജയപ്പെട്ടതാണ് കർഷകരെ ആശങ്കയിലാക്കുന്നത്.
കുടിശിക നൽകാതെ സർക്കാർ
1.പുറംബണ്ട് ബലപ്പെടുത്താൻ സാമ്പത്തിക പ്രതിസന്ധി മൂലം സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് പ്രധാന പ്രശ്നം
2.കഴിഞ്ഞ രണ്ട് കൃഷിയിൽ പമ്പിംഗ്, മടകുത്തൽ ജോലികൾ നടത്തിയതിന് 60കോടി രൂപയാണ് വിവിധ പാടശേഖര സമിതികൾക്ക് നൽകാനുള്ളത്
3.പരിമിതമായ ഫണ്ടാണ് ധനവകുപ്പ് നൽകുമെന്നതിനാൽ കൽക്കെട്ടിനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകാനാകുന്നില്ല
നൽകാനുള്ളത്
60 കോടി
മൂന്ന് വർഷം മുമ്പ് തുടക്കമിട്ട പദ്ധതികൾ
രാജരാമപുരം പാടശേഖരം: 10.45കോടി
കൈനകരി കൊച്ചുകാടുശ്ശേരി പാടശേഖരം: 2.34കോടി
പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തുന്നതിന് കൃഷി,ജലസേചന വകുപ്പുകൾ തികഞ്ഞ പരാജയമാണ്. ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് പല പാടരശേഖരങ്ങടെയും ബണ്ട്ബലപ്പെടുത്താൻ പദ്ധതി നടപ്പാക്കുന്നത്. പമ്പിംഗ്, മടകുത്തൽ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം.
-ജെയ്സപ്പൻ മത്തായി, ജില്ലാ പ്രസിഡന്റ്, കേരളകോൺഗ്രസ് (ബി)
കുട്ടനാട് പാക്കേജിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് ധനവകുപ്പ് അനുവദിച്ചില്ലെങ്കിൽ മന്ത്രി ബാലഗോപാലൻ രാജിവെക്കണം
-സോണിച്ചൻ പുളിങ്കുന്ന്, ജനറൽ സെക്രട്ടറി, നെൽകർഷക സംരക്ഷണ സമിതി