ആലപ്പുഴ : മണ്ഡലകാലം വിളിപ്പുറത്തെത്തിയതോടെ പച്ചക്കറിക്കൊപ്പം ഉള്ളിവിലയും കുതിക്കുന്നു. ഇതോടെ,സാധാരണക്കാരന്റെ ഊണുമേശയിൽ നിന്ന് ഉള്ളി അപ്രത്യക്ഷമാകുന്ന സ്ഥിതിയായി.
മണ്ഡലകാലത്തിന് ആഴ്ചകൾക്ക് മുമ്പുതന്നെ പച്ചക്കറി വിപണിക്ക് ചൂടുപിടിച്ചതിനാൽ അടുത്തെങ്ങും തണുക്കാൻ സാദ്ധ്യതയില്ല. അടുത്തമാസം ക്രിസ്മസും ന്യൂഇയറും കൂടിയെത്തുന്നതോടെ വില കൈവിട്ടുപോകും. പച്ചക്കറി ഇനങ്ങളായ മുരിങ്ങയ്ക്ക, തക്കാളി, കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീൻസ്, വള്ളിപ്പയർ, വഴുതന, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവയ്ക്ക് കഴിഞ്ഞമാസത്തേക്കാൾ കിലോയ്ക്ക് 10 മുതൽ 50 രൂപ വരെയാണ് കൂടിയത്. ചുവന്നുള്ളിക്ക് കിലോയ്ക്ക് 120 രൂപയായി. തക്കാളി 25 ൽ നിന്ന് 35 രൂപയിലെത്തി. മാങ്ങയുടെ ഇന്നലത്തെ വില 80രൂപയാണ്. സർക്കാർ സംരംഭമായ ഹോർട്ടികോർപ്പിലും കാര്യമായ വിലക്കുറവില്ല.
കൃഷിനാശം, വരവ് കുറഞ്ഞു
തമിഴ്നാട് ഉൾപ്പടെയുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് വില കുത്തനെ ഉയരാൻ കാരണം
ന്യൂനമർദ്ദം കാരണം ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉത്പാദനം കുറഞ്ഞു
ഇന്നലത്തെ പച്ചക്കറി വില (രൂപയിൽ)
(കഴിഞ്ഞ മാസത്തെ വില ബ്രാക്കറ്റിൽ)
ചുവന്നുളളി : 120 (60)
കിഴങ്ങ്: 60 ( 50)
സവാള വലുത്: 70 (55)
ചെറുത്: 60 (40)
ഇഞ്ചി: 90 (50)
തക്കാളി: 35 (25)
പച്ചക്കായ: 50 40)
ബീൻസ്: 70 (40)
വള്ളിപ്പയർ: 60 (35)
വെണ്ട: 60 (50)
പാവയ്ക്ക: 50 (40)
മത്തങ്ങ: 60 (55)
പടവലം: 60 (40)
മുരിങ്ങയ്ക്ക: 80 (40)
പച്ചമാങ്ങ: 80 (60)
പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വിലകൂടാൻ കാരണം. മണ്ഡലകാലം ആരംഭിക്കുന്നതോടെ വില ഇനിയും വർദ്ധിക്കും
- പ്രസാദ്, പച്ചക്കറി വ്യാപാരി