s

വൈക്കം : വൈക്കം മഹാദവേ ക്ഷേത്രത്തിൽ അഷ്ടമി മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 8 നും 8.45 നും മദ്ധ്യേ തന്ത്രി കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി കൊടിയേറ്റും. രാവിലെ ഉഷ:പൂജ, എതൃത്തപൂജ, പന്തീരടിപൂജ എന്നിവയ്ക്ക് ശേഷം ദക്ഷിണാമൂർത്തിയുടെ ദേവമുദ്ര ആലേഖനം ചെയ്ത കൊടിക്കൂറ ശ്രീകോവിലിൽ നിന്ന് മേൽശാന്തി കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് കൊടിമരച്ചുവട്ടിൽ പ്രത്യേക പൂജകൾ. കൊടിയേറ്റുന്നത് തന്ത്രി ഭദ്രകാളി മറ്റപ്പള്ളിയാണെങ്കിൽ ആചാരമനുസരിച്ച് മഹാദേവരുടെ സ്വർണ്ണധ്വജത്തിന്റെ ഉത്തരദിക്കിലേക്കാവും കൊടി ഉയരുക. കൊടിയേറ്റിനെ തുടർന്ന് കൊടിമരച്ചുവട്ടിലെ അഷ്ടമി വിളക്കിൽ ദേവസ്വം കമ്മിഷണർ സി.വി.പ്രകാശും , കലാമണ്ഡപത്തിൽ സിനിമാതാരം ഹരിശ്രീ അശോകനും ദീപം തെളിക്കും. അഷ്ടമി വിളക്കിലെ ദീപം ആറാട്ട് വരെ അണയാതെ സൂക്ഷിക്കും.