
ആലപ്പുഴ: തീരദേശ നിരീക്ഷണാലയമായി പ്രവർത്തിച്ചിരുന്ന ആലപ്പുഴ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവർത്തനം മുൻ കേന്ദ്രത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ പുനരാരംഭിക്കുന്നതിന് സ്ഥലം കണ്ടെത്തി തരണമെന്നാവശ്യപ്പട്ട് കാലാവസ്ഥാനിരീക്ഷണ വകുപ്പ് സംസ്ഥാന സർക്കാരിന് കത്ത് നൽകി. തീരദേശ നിരീക്ഷണാലയം പ്രവർത്തിക്കുന്നതിനുള്ള തുറസ്സായ പ്രദേശമാണ് പ്രധാനമായ ആവശ്യം. ഇതിനോട് ചേർന്ന് ഓഫീസ് പ്രവർത്തിക്കുന്നതിന് ചെറിയ മുറിയായാലും മതിയാകും. രണ്ട് കിലോമീറ്റർ ചുറ്റളവിൽ സ്ഥലം ലഭിച്ചില്ലെങ്കിൽ കാലാവസ്ഥ സംബന്ധിച്ച് ശേഖരിച്ചിരിക്കുന്ന ഡാറ്റയുടെ തുടർച്ച പൂർണമായി നഷ്ടമാകും. തിരുവനന്തപുരത്തിനും കോഴിക്കോടിനും ഇടയിലുള്ള ഏക തീരദേശ നിരീക്ഷണകേന്ദ്രമായിരുന്നു ആലപ്പുഴയിലേത്. കേന്ദ്രം അടച്ചതോടെ തീരപ്രദേശങ്ങൾ തമ്മിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ആശയ കൈമാറ്റവും തടസ്സപ്പെട്ടു. മറ്റ് തീരദേശ സ്റ്റേഷനുകളെ അപേക്ഷിച്ച് വേനൽക്കാലത്ത് തീവ്രമായ താപനില ആലപ്പുഴയിൽ രേഖപ്പെടുത്തിയിരുന്നു. രണ്ടായിരത്തിന് ശേഷം ആലപ്പുഴയിൽ സാരമായ കാലാവസ്ഥാ വ്യതിയാനമാണ് കണ്ടുവരുന്നത്. ഈ സാഹചര്യങ്ങൾ പരിഗണിച്ച്, അടിയന്തരമായി സ്ഥലം ലഭ്യമാക്കാനുള്ള ശ്രമം സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന ആവശ്യം ശക്തമാണ്. തുറമുഖ വകുപ്പ് നൽകിയ ഒഴിപ്പിക്കൽ നോട്ടീസിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 29നാണ് കാലാവസ്ഥാ കേന്ദ്രം ആലപ്പുഴയിലെ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആലപ്പുഴയിൽ തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എം.പി കേന്ദ്ര ഭൗമശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്ര സിംഗിന് കത്തയച്ചു.