തുറവൂർ: എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന അരൂർ - തുറവൂർ ദേശീയപാതയിലെ ഇരുമ്പു ബാരിക്കേഡ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു തകർത്തു. ആർക്കും പരിക്കില്ല.എറണാകുളത്തേക്ക് പോവുകയായിരുന്ന എടത്വാ സ്റ്റാൻഡിലെ ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. എരമല്ലൂർ കണ്ണുകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിൽ ഇന്നലെ വൈകിട്ട് 2.30 ന് ആയിരുന്നു സംഭവം. തുടർന്ന് പടിഞ്ഞാറെ പാതയിൽ കുറച്ചുനേരം ഗതാഗത തടസം നേരിട്ടു. അരൂർ പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുമ്പു ബാരിക്കേഡിന്റെ കുറച്ചുഭാഗം നിലം പതിച്ചു. ബസിന്റെ മുന്നിലെ ഗ്ലാസ് തകർന്നു. സർവീസ് മുടങ്ങിയതിനെ തുടർന്ന് യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റി വിട്ടു.