
കായംകുളം: കടലാസ് സംഘടനയുടെ പേരിൽ വയനാട് ദുരിതബാധിതർക്കെന്ന വ്യാജേന ബിരിയാണി ചലഞ്ചിലൂടെ 1.5 ലക്ഷം രൂപ തട്ടിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ മൂന്ന് പ്രാദേശിക നേതാക്കൾക്കെതിരെ കേസെടുത്തു. കായംകുളം പുതുപ്പള്ളി പ്രയാർ തണൽ ജനകീയ കൂട്ടായ്മ ഭാരവാഹികളായ അരുൺ, സിബി ശിവരാജൻ, അമൽ രാജ് എന്നിവർക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. അരുൺ സി.പി.എം തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറിയും അമൽ രാജ് ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റുമാണ്.
കാപ്പകേസ് പ്രതിയായ സിബി ശിവരാജൻ സി.പി.എം പുതുപ്പള്ളി ലോക്കൽ കമ്മറ്റി മുൻ അംഗമാണ്. കാപ്പകേസിനെ തുടർന്ന് സിബിശിവരാജനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
'വയനാടിന് ഒരു കൈത്താങ്ങ്" എന്ന പേരിൽ സെപ്തംബർ ഒന്നിനായിരുന്നു ബിരിയാണി ഫെസ്റ്റ് നടത്തിയത്. ഒന്നിന് നൂറു രൂപ വിലയിൽ 1200 പൊതിയാണ് വിറ്റത്. കൂടാതെ ധനസഹായമായി ഗൂഗിൾ പേയിലൂടെയും പണം സ്വീകരിച്ചു. പണം സർക്കാരിനോ ദുരിതബാധിതർക്കോ നൽകാത്തതിനെത്തുടർന്ന് സി.പി.ഐ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്.