ആലപ്പുഴ: ജലോത്സവപ്രേമികളുടെ നീണ്ട കാത്തിരിപ്പിനും നിരന്തരപരിശ്രമത്തിനുമൊടുവിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് ആരംഭിക്കാൻ ഇനി ഒരുദിവസം മാത്രം.

നാളെ കോട്ടയം താഴത്തങ്ങാടിയിലാണ് ആദ്യ പോരാട്ടം. നാല് മത്സരങ്ങൾക്ക് ആലപ്പുഴ വേദിയാകും. ഇത്തവണത്തെ നെഹ്റുട്രോഫി ജലോത്സവത്തിൽ ആദ്യ ഒമ്പത് സ്ഥാനങ്ങളിലെത്തിയ വള്ളങ്ങളാണ് മത്സരത്തിൽ തുഴയെറിയുക. എന്നാൽ,​ കഴിഞ്ഞവർഷം വരെ സി.ബി.എല്ലിന്റെ ഭാഗമായിരുന്ന നെഹ്റുട്രോഫിയെ ഇത്തവണ അങ്ങനെ കണക്കാക്കിയിട്ടില്ല. മത്സരങ്ങളുടെ എണ്ണം പന്ത്രണ്ടിൽ നിന്ന് ആറായി ചുരുക്കി.

ആദ്യ മത്സരത്തിൽ ചുണ്ടൻമാർക്ക് പുറമേ പതിനഞ്ചോളം ചെറുവള്ളങ്ങളും പങ്കെടുക്കും. നെഹ്റുട്രോഫിക്ക് സമാനമായി ചുണ്ടൻ വള്ളങ്ങളുടെ മാസ് ഡ്രില്ലുണ്ടാകും. കോട്ടയം വെസ്റ്റ് ക്ലബിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ചെറുവള്ളങ്ങളുടെ മത്സരത്തിന്റെ സംഘാടകർ. 16ന് ആരംഭിച്ച് ഡിസംബർ 21ന് കൊല്ലത്ത് പ്രസിഡന്റ്സ് ട്രോഫിയോടെ സി.ബി.എൽ സമാപിക്കും.

സമ്മാനത്തുകയിൽ ആശങ്ക

1.സി.ബി.എൽ ലക്ഷ്യമിട്ടുള്ള അവസാനവട്ട ഒരുക്കത്തിലാണ് ക്ലബുകൾ. കാരിച്ചാൽ, വീയപുരം, നടുഭാഗം തുടങ്ങി പ്രമുഖ വള്ളങ്ങളുടെ ഫാൻസ് ക്ലബുകൾ പ്രവചനങ്ങളടക്കം ആരംഭിച്ചുകഴിഞ്ഞു

2.സി.ബി.എല്ലിലെ വിജയികൾക്ക് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്കും മൂന്നാം സ്ഥാനക്കാർക്കും യഥാക്രമം 15ഉം 10ഉം ലക്ഷമാണ് കഴിഞ്ഞ വർഷം വരെ നൽകിയിരുന്നത്

3. ഓരോ മത്സരത്തിലെയും വിജയികൾക്ക് 5 ലക്ഷവും റണ്ണേഴ്സ് അപ്പിന് 3 ലക്ഷവും മൂന്നാം സ്ഥാനം നേടുന്ന ടീമിന് ഒരു ലക്ഷം രൂപയും ലഭിച്ചിരുന്നു. മത്സരങ്ങളുടെ എണ്ണം ചുരുക്കിയതോടെ സമ്മാനത്തുകയിൽ കുറവുണ്ടാകുമോ എന്ന ആശങ്കയുണ്ട്

തീയതിയും വേദിയും

നവംബർ 16 : താഴത്തങ്ങാടി,​ കോട്ടയം

നവംബർ 23 : കൈനകരി,​ ആലപ്പുഴ

നവംബർ 30 : പാണ്ടനാട്,​ ആലപ്പുഴ

ഡിസംബർ 7 : കരുവാറ്റ,​ ആലപ്പുഴ

ഡിസംബർ 14 : കായംകുളം,​ ആലപ്പുഴ

ഡിസംബർ 21 : പ്രസിഡന്റ്സ് ട്രോഫി,​ കൊല്ലം

വള്ളങ്ങളും ക്ലബുകളും

കാരിച്ചാൽ : പള്ളാത്തുരുത്തി ബോട്ട് ക്ലബ്

വീയപുരം : വില്ലേജ് ബോട്ട് ക്ലബ് കൈനകരി

നടുഭാഗം : കുമരകം ടൗൺ ബോട്ട് ക്ലബ്

നിരണം : എൻ.ബി.സി നിരണം

തലവടി : യു.ബി.സി കൈനകരി

പായിപ്പാട് : ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്

ചമ്പക്കുളം : പുന്നമട ബോട്ട് ക്ലബ്

മേൽപ്പാടം : കുമരകം ബോട്ട് ക്ലബ്

ആയാപറമ്പ് വലിയ ദിവാൻജി : ചങ്ങനാശ്ശേരി ബോട്ട് ക്ലബ്

സി.ബി.എൽ തീരുമാനിച്ചതോടെ ക്ലബുകളും ജലോത്സവപ്രേമികളും ആവേശത്തിലാണ്. ഏതാനും പ്രാദേശിക മത്സരങ്ങൾ ഉപേക്ഷിച്ചതിൽ നിരാശയുണ്ട്

-വള്ളംകളി സംരക്ഷണ സമിതി